
ദില്ലി: 20കാരനായ മകൻ സംസ്ഥാന തല ബോക്സർ, മുൻ സൈനികനായ പിതാവിന് താൽപര്യം പഠനത്തിൽ മുന്നിലുള്ള 23കാരിയായ മകളെ. മാതാപിതാക്കളെ 25ാം വിവാഹ വാർഷികത്തിൽ ക്രൂരമായി കൊലപ്പെടുത്താൻ 20കാരന് പ്രകോപനം ആയത് സഹോദരിയുടെ പിറന്നാൾ ദിനത്തിൽ ബന്ധുക്ളുടെ മുന്നിൽ വച്ചുണ്ടായ അപമാനം. മാതാപിതാക്കളെയും സഹോദരിയേയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അകത്തായ ദില്ലി സർവ്വകലാശാലയിലെ ബിരുദ വിദ്യാർത്ഥി അർജുൻ തൻവാർ പൊലീസിന് നൽകിയ മൊഴിയിലെ വിവരങ്ങൾ ഞെട്ടിക്കുന്നത്.
ദക്ഷിണ ദില്ലിയിലെ ദേവ്ലിയിൽ ബുധനാഴ്ച രാവിലെയാണ് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. മുൻ സൈനികനായ 51കാരൻ രാജേഷ് കുമാർ, ഭാര്യയും 46കാരിയുമായ കോമൾ, 23കാരിയായ മകൾ കവിത എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസിൽ വിവരം അറിയിച്ച ബിരുദ വിദ്യാർത്ഥിയായ അർജുൻ തൻവാറിനെ ചോദ്യം ചെയ്ത സമയത്തുണ്ടായ മൊഴിയിലെ വൈരുധ്യമാണ് കേസിൽ നിർണായകമായത്. ബുധനാഴ്ച രാവിലെ 6.53ഓടെയാണ് അർജുൻ പൊലീസിനെ വിളിക്കുന്നത്. ജിമ്മിൽ പോയി തിരികെ എത്തിയപ്പോൾ മാതാപിതാക്കളേയും സഹോദരിയേയും ആരോ അപായപ്പെടുത്തിയെന്നായിരുന്നു 20കാരൻ പൊലീസിനോട് വിശദമാക്കിയത്. ആരോ ഫ്ലാറ്റിൽ നുഴഞ്ഞ് കയറി ആക്രമിച്ചെന്ന സംശയത്തിലാണ് പൊലീസ് കേസിൽ അന്വേഷണം ആരംഭിച്ചത്.
എന്നാൽ കേസുമായി ബന്ധപ്പെട്ട വിവരം തിരക്കിയ സമയത്ത് അർജുന്റെ മൊഴികളിലുണ്ടായ വൈരുധ്യമാണ് പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത്. മൃതദേഹം കണ്ടെത്തിയത് എങ്ങനെ ആണെന്ന് അടക്കമുള്ള വിവരങ്ങൾ ഉള്ളവയിൽ അർജുന്റെ മൊഴികളിൽ വലിയ രീതിയിലെ വൈരുധ്യമുണ്ടായിരുന്നു. ഇതിന് പിന്നാലെ അർജുൻ ഉപയോഗിച്ച മോട്ടോർ സൈക്കിളിൽ രക്തക്കറ കണ്ടെത്തിയതും കേസിൽ നിർണായകമായി. കുടുംബാംഗങ്ങൾക്കെതിരെ ഏറെക്കാലമായി സൂക്ഷിച്ച വൈരാഗ്യമാണ് മാതാപിതാക്കളുടെ വിവാഹ വാർഷികത്തിലെ കൊലപാതകത്തിലേക്ക് എത്തിച്ചത്.
അർജുന്റെ പിതാവിന് മകൻ ബോക്സിംഗിലേക്ക് തിരിഞ്ഞതിനോട് തീരെ താൽപര്യമുണ്ടായിരുന്നില്ല. മകൻ ഉഴപ്പി നടക്കാനായി ആർട്സ് വിഷയവും ബോക്സിംഗും തെരഞ്ഞെടുത്തുവെന്നായിരുന്നു രാജേഷ് കുമാർ വിലയിരുത്തിയിരുന്നത്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന സഹോദരിയുമായി നിരന്തരമായി അർജുനെ രക്ഷിതാക്കൾ താരതമ്യം ചെയ്തിരുന്നു. ദില്ലിയെ പ്രതിനിധീകരിച്ച് നേടിയ വെള്ളി മെഡൽ പോലും സഹോദരിയുടെ അച്ചടക്കത്തിനും പഠനമികവിനും പകരം വയ്ക്കാനോ 20കാരന്റെ ബോക്സിംഗിലെ താൽപര്യം അംഗീകരിക്കാനോ വീട്ടുകാർക്ക് കാരണമാവാത്തതിൽ അർജുൻ നിരാശനായിരുന്നു.
ഡിസംബർ 1ന് സഹോദരിയുടെ പിറന്നാൾ ആഘോഷത്തിൽ രാജേഷ് കുമാർ അർജുനെ ബന്ധുക്കളുടെ മുന്നിൽ വച്ച് അടിച്ചിരുന്നു. അച്ഛനും മകനും തമ്മിലുള്ള വാക്കേറ്റം ഇരു ഭാഗത്തേയ്ക്കുള്ള കായിക ആക്രമണത്തിലേക്കും എത്തിയിരുന്നു. ബന്ധുക്കളുടെ മുന്നിൽ വച്ചുണ്ടായ അപമാനത്തിന് പുറമേ ഇവർ താമസിച്ചിരുന്ന ഇരുനില വീടും ഗുഡ്ഗാവിൽ ഇവർക്കുള്ള വസ്തുവും സഹോദരിക്ക് നൽകാനുള്ള പിതാവിന്റെ തീരുമാനം കൂടി അറിഞ്ഞതോടെയാണ് യുവാവ് കടുത്ത കൈ തെരഞ്ഞെടുത്തതെന്നാണ് യുവാവ് പൊലീസിനോട് വിശദമാക്കിയത്.
ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെ യുവാവ് പിതാവിന്റെ കത്തിയെടുത്ത് സഹോദരിയുടെ കഴുത്ത് അറുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഉറങ്ങിക്കിടന്ന പിതാവിനേയും കഴുത്ത് അറുത്ത് കൊലപ്പെടുത്തി. പിതാവിന്റെ കൊലപാതക സമയത്ത് ശുചിമുറിയിൽ ആയിരുന്ന അമ്മ പുറത്തിറങ്ങിയതോടെ ഇവരേയും കൊലപ്പെടുത്തിയ ശേഷം സാധാരണ രീതിയിൽ ജിമ്മിൽ പോയി തിരികെ വരികയായിരുന്നു. ശബ്ദം പുറത്ത് വരാതിരിക്കാനായിരുന്നു കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് അർജുൻ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. വീട് വെളിയിൽ നിന്ന് പൂട്ടി സാധാരണ പോലെ ജിമ്മിലെത്തി പരിശീലനം നടത്തി 6.50ഓടെ തിരികെ എത്തി പൊലീസിനെ വിളിക്കുകയായിരുന്നു യുവാവ് ചെയ്തതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam