സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ ആവശ്യപ്പെട്ടു, അഞ്ചംഗ സംഘം പിടിയില്‍

By Web TeamFirst Published Oct 9, 2020, 12:10 PM IST
Highlights

ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തി തരാം എന്ന് വാഗ്ദാനം നല്‍കിയാണ് ഇയാളെ സുഹൃത്തായ ഹര്‍ഷിദ് വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയത്.

ലക്‌നൗ: പെണ്‍കുട്ടിയെ പരിചയപ്പെടുത്തിത്തരാമെന്ന് വാഗ്ദാനം നല്‍കി 20 കാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. സൗരബ എന്ന ഗാസിയാബാദ് സ്വദേശിയെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇയാളെ ബന്ധിയാക്കിയ സംഘം സൗരബയുടെ രക്ഷിതാക്കളില്‍ നിന്ന് മോചനദ്രവ്യം ആവശ്യപ്പെട്ടു. 

മകനെ തട്ടിക്കൊണ്ടുപോയതായി പിതാവ് വനയ് ശുക്ലയാണ് പരാതി നല്‍കിയത്. 15 ലക്ഷം രൂ മോചനദ്രവ്യമായി നല്‍കണമെന്നാവശ്യപ്പെട്ട് മൂന്ന് തവണ സംഘം ഫോണ്‍ വിളിച്ചുവെന്ന് ഇയാള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തു. സൗരബയെ പൂട്ടിയിട്ട വീട് വളഞ്ഞ പൊലീസ് കെട്ടിയിട്ട നിലയില്‍ ഇയാളെ കണ്ടെത്തുകയും രക്ഷപ്പെടുത്തുകയും ചെയ്തു. 

സൗരബിനെ തട്ടിക്കൊണ്ടുപോയ അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ആസിഫ്, റിസ്വാന്‍, സുധീര്‍, ഹര്‍ഷിദ് താക്കൂര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, നാടന്‍ തോക്ക്, കാട്രിഡ്ജ്, കത്തി, കയര്‍, സെല്ലോ ടേപ്പ് എന്നിവ പൊലീസ് സ്ഥലത്തുനിന്ന് കണ്ടെടുത്തു. 

സൗരബിന്റെ സുഹൃത്തായ ഹര്‍ഷിദ്, ഒരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തി തരാം എന്ന് വാഗ്ദാനം നല്‍കിയാണ് ഇയാളെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോയത്. സ്ഥലത്തെത്തിയതോടെ ഇവര്‍ സൗരബിനെ കെട്ടിയിട്ടു. പണം ആവശ്യപ്പെടാനായി കെട്ടിയിട്ട നിലയിലുള്ള സൗരബിന്റെ വീഡിയോ ചിത്രീകരിച്ചു. 

ആസിഫ്, സൗരബിന്റെ പിതാവിനെ മൂന്ന് തവണ വിളിക്കുകയും മോചന ദ്രവ്യം നല്‍കിയില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആഢംഭരത്തോടെ ജീവിക്കാനാണ് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. 

click me!