
മൈൻപുരി: 16 കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ 22 കാരന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഉത്തർ പ്രദേശിലെ മൈൻപുരിയിലുള്ള പോക്സോ കോടതിയാണ് 22കാരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. മൈൻപുരിയിലെ ബെവാറിൽ കഴിഞ്ഞ വർഷമാണ് ക്രൂരമായ കൊലപാതകം നടന്നത്. കരൺ എന്ന അലോക് എന്നയാളെയാണ് കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്. കേസിൽ പ്രതി ചേർത്തിരുന്ന ഇയാളുടെ പിതാവിനെയും സുഹൃത്തിനെയും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. 2025 മേയ് 15നാണ് സ്കൂളിലേക്ക് പോവുകയായിരുന്ന 16 വയസ്സുള്ള പെൺകുട്ടിയെ ഇയാളും കൂട്ടാളിയും ചേർന്ന് വഴിയിൽ തടഞ്ഞുനിർത്തുകയും വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ചെയ്തത്. ബലാത്സംഗം ചെറുക്കാനുള്ള ശ്രമത്തിനിടെ 16കാരി നിലവിളിച്ചതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം കരൺ പിതാവിനെ വിവരമറിയിക്കുകയും, തുടർന്ന് ഇരുവരും ചേർന്ന് സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പെൺകുട്ടിയുടെ ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് മൃതദേഹം ഒരു മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. പിന്നാലെ പെൺകുട്ടിയുടെ പിതാവിനെ വിളിച്ച് മകൾ ആത്മഹത്യ ചെയ്തുവെന്ന് അറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് ബെവാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷികളെയും രേഖാമൂലമുള്ള തെളിവുകളും വിശദമായി പരിശോധിച്ച ശേഷമാണ് പ്രത്യേക പോക്സോ കോടതി ജഡ്ജി ജഹേന്ദ്ര പാൽ സിങ് വിധി പ്രസ്താവിച്ചത്. പ്രധാന പ്രതിയായ കരൺ എന്ന അലോക് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാൾക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam