ബിറ്റ്‍കോയിന്‍ ഇടപാട്: മലയാളി യുവാവിനെ ബിസിനസ് പങ്കാളികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Published : Aug 31, 2019, 07:13 PM IST
ബിറ്റ്‍കോയിന്‍ ഇടപാട്: മലയാളി യുവാവിനെ ബിസിനസ് പങ്കാളികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Synopsis

ബിറ്റ്കോയിന്‍റെ മൂല്യമിടിഞ്ഞതോടെ ബിസിനസ് തകർച്ച നേരിട്ടതിന് പിന്നാലെ നിക്ഷേപകർ പണം ആവശ്യപ്പെട്ടുത്തുടങ്ങി. നിക്ഷേപകരിൽ നിന്നുള്ള സമ്മർദം സഹിക്കാനാവാതെ ഓഗസ്റ്റ് 12ന് ഷുക്കൂറും മറ്റ് ഒൻപതു പേരും ഡെറാഡൂണിൽ എത്തുകയായിരുന്നു

ഡെറാഡൂണ്‍: ബിറ്റ് കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട് മലയാളി യുവാവിനെ പത്തുപേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. മലപ്പുറം സ്വദേശിയായ അബ്ദുള്‍ ഷുക്കൂര്‍ എന്ന യുവാവാണ് ക്രൂരപീഡനത്തിനും മര്‍ദ്ദനത്തിനുമൊടുവില്‍ കൊല്ലപ്പെട്ടത്. ഷുക്കൂറിനെ കൊലപ്പെടുത്തിയവര്‍ മലയാളികള്‍ തന്നെയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബുധനാഴ്ച വൈകുന്നേരമാണ് അബ്ദുള്‍ ഷൂക്കൂറിനെ ആശുപത്രിയില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞത്. ഇയാളെ മരിച്ച ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

ബിറ്റ്കോയിന്‍ ഇടപാടുകളുമായി സജീവമായിരുന്നു യുവാവെന്നാണ് പൊലീസ് അന്വേഷണത്തില്‍ വിശദമായത്.  ബിറ്റിജാക്സ് ഡോട്ട് ബിറ്റിസി(bitjax.BTC), ബിറ്റിസി ഡോട്ട് ബിറ്റ് ഡോട്ട് ഷുക്കൂര്‍ (BTC.bit.shukoor)എന്ന പേരിലായിരുന്നു ഇയാളുടെ ഇടപാടുകള്‍. 458 കോടിയുടെ ബിറ്റ്കോയിന്‍ ഇടപാട് യുവാവ് നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ടവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം സ്വദേശികളായ ആഷിഖ്, അർഷാദ്, ഷിഹാബ്, മുനീഫ്, യാസിൻ, സുഫൈൽ മിക്തർ, അഫ്താബ് മുഹമ്മദ്, ഫാരിസ് മംമ്നൂൺ, അരവിന്ദ് സി, അൻസിഫ് അലി എന്നിവരാണ് പ്രതികളെന്നു പൊലീസ് വ്യക്തമാക്കി. 

ഇവരിൽ നാലു പേർ ഷുക്കൂറുമായി ഏറ്റവുമടുപ്പമുണ്ടായിരുന്ന ബിസിനസ്സ് പങ്കാളികളാണ്. ബിസിനസിലെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. ബിറ്റ്കോയിന്‍റെ മൂല്യമിടിഞ്ഞതോടെ ബിസിനസ് തകർച്ച നേരിട്ടതിന് പിന്നാലെ നിക്ഷേപകർ പണം ആവശ്യപ്പെട്ടുത്തുടങ്ങി. നിക്ഷേപകരിൽ നിന്നുള്ള സമ്മർദം സഹിക്കാനാവാതെ ഓഗസ്റ്റ് 12ന് ഷുക്കൂറും മറ്റ് ഒൻപതു പേരും ഡെറാഡൂണിൽ വിദ്യാർഥിയായ യാസിന്‍റെ അടുക്കലേക്കു പോവുകയായിരുന്നു. 

ബിറ്റ്കോയിൻ വ്യാപാര അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും വൈകാതെ സ്വന്തമായി വ്യാപാരം ആരംഭിക്കുമെന്നും ലാഭത്തിൽനിന്നു നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും ഷുക്കൂര്‍ പങ്കാളികളോട് പറഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. കോടികള്‍ വിലയുള്ള ബിറ്റ്കോയിന്‍ ഷുക്കൂറിന്‍റെ പക്കലുണ്ടെന്നും പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമായിരുന്നു സുഹൃത്തുക്കള്‍ വിശ്വസിച്ചത്. പാസ്‍വേഡ് കണ്ടെത്താനായാണ് പങ്കാളികള്‍ മര്‍ദ്ദനമാരഭിച്ചതെന്നാണ് നിഗമനം. കസേരയോട് ചേർത്ത് കെട്ടിയിട്ട്  ക്രൂരമായി മർദിക്കുകയായിരുന്നെന്ന് ഡെറാഡൂൺ സിറ്റി പൊലീസ് സൂപ്രണ്ട് ശ്വേത ചൗബെ മാധ്യമങ്ങളോട് വ്യക്തമാക്കി. 

മര്‍ദ്ദനം തുടര്‍ന്നിട്ടും ബിറ്റ്കോയിന്‍ അക്കൗണ്ട് ലഭിക്കാതെ വരികയും ഷുക്കൂറിന്‍റെ ആരോഗ്യ നില മോശമായതോടെ ഇവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഷുക്കൂര്‍ മരിച്ചതായി പറഞ്ഞതോടെ മറ്റൊരു ആശുപത്രിയിലെത്തിച്ചു. ഇവിടെ വച്ച് മരണം സ്ഥിരീകരിച്ചതോടെ മൃതദേഹം ആശുപത്രിയിലെ പാര്‍ക്കിങ്ങിലെ വാഹനത്തില്‍ ഉപേക്ഷിച്ച് സംഘം കടന്ന് കളയുകയായിരുന്നു. 

ആശുപത്രി അധികൃതരിൽനിന്ന് വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ഷുക്കൂറിന്‍റെ മൃതദേഹത്തില്‍ നിന്ന് കേരളത്തിലെ മേൽവിലാസം ലഭിച്ചു. തിരൂരങ്ങാടി പൊലീസ് സ്‌റ്റേഷനിലേക്കാണ് ഡെറാഡൂൺ പൊലീസ് വിവരം കൈമാറിയത്. ഇവിടെനിന്ന് പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷൻ വഴി ബന്ധുക്കളെ മരണവിവരം അറിയിച്ചു. 

 സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ആശുപത്രി അധികൃതരെ ചോദ്യം ചെയ്യുകയും ചെയ്തതിൽ നിന്നാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചവരുടെ വിവരം ലഭിച്ചത്. യുവാവിനെ ആശുപത്രിയിലെത്തിച്ച അഞ്ച് പേരെ പിടികൂടിയെന്നും മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നു പൊലീസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനസ്തേഷ്യയിൽ വിഷം, രോഗി പിടഞ്ഞ് വീഴും വരെ കാത്തിരിക്കും, കൊലപ്പെടുത്തിയത് 12 രോഗികളെ, സൈക്കോ ഡോക്ടർക്ക് ജീവപര്യന്തം
'ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹസ്ഥാപകൻ, അതീവ ദുരൂഹമായ കുറിപ്പും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്