
നോയ്ഡ: വിവാഹിതനെ പ്രണയിച്ചതിനെ തുടര്‍ന്ന് സഹോദരിയെ ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ സഹോദരന്മാരുടെ ശ്രമം. ഗുരുതരമായി പരിക്കേറ്റ സല്‍മ(22) നോയ്ഡ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിയുടെ മൂന്ന് സഹോദരങ്ങളായ ഇര്‍ഫാന്‍,റിസ്വാന്‍, ഇംമ്രാന്‍ എന്നിവരാണ് കൊലപാതകശ്രമത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.
ഇവരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. ബുലന്ദ്സര്‍ സ്വദേശികളാണ് ഇവര്‍. യുവതിയുടെ നില മെച്ചപ്പെട്ട് വരുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഏകദേശം ഒരുമാസമെങ്കിലും ആശുപത്രിയില്‍ കഴിയേണ്ടി വരും. എന്നാല്‍, യുവതിയെ പരിചരിക്കാന്‍ ബന്ധുക്കള്‍ വിസ്സമ്മതിച്ചു. വനിതാ കോണ്‍സ്റ്റബിളാണ് യുവതിയുടെ പരിചരണത്തിനായി ആശുപത്രിയില്‍ കഴിയുന്നത്.
പ്രദേശത്തെ ഭൂവുടമയുമായി യുവതി അടുപ്പത്തിലായത് സഹോദരന്മാര്‍ എതിര്‍ത്തു. ബന്ധത്തില്‍നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി നിരസിച്ചതോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മെയ് അഞ്ചിന് സല്‍മയും സഹോദരങ്ങളും ബന്ധുവിന്‍റെ വീട്ടിലേക്ക് പോയി. സല്‍മയെ തിരിച്ച് വീട്ടിലേക്ക് സ്കൂട്ടറില്‍ കൊണ്ടുവിടാമെന്ന് ഇര്‍ഫാനും റിസ്വാനും അറിയിച്ചു.
യാത്രക്കിടെ ദാദ്രിയിലെത്തിയപ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഇവര്‍ യുവതിയെ കഴുത്ത് ഞെരിക്കുകയും ആസിഡ് മുഖത്തൊഴിക്കുകയും ചെയ്തു. യുവതി മരിച്ചെന്ന് കരുതി പാലത്തിന് ചുവട്ടില്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് മൂന്ന് പേരും ഒളിവിലായിരുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. രണ്ട് പേര്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്നും ഒരാള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam