ആലുവയിലെ മൂന്നുവയസുകാരന്‍ നേരിട്ടത് ക്രൂരമര്‍ദനം; അമ്മ കുറ്റം സമ്മതിച്ചു; ചികിത്സ സർക്കാർ ഏറ്റെടുത്തു

By Web TeamFirst Published Apr 18, 2019, 11:32 AM IST
Highlights

ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തുവെന്ന് അമ്മ പൊലീസിനോട് വിശദമാക്കി. കുട്ടിയ്ക്ക് പരിക്കേറ്റതെങ്ങനെയാണെന്ന ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചത്.

ആലുവ: ആലുവയില്‍ ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ മൂന്നുവയസുകാരന്‍ നേരിട്ടത് ക്രൂരമര്‍ദ്ദനമെന്ന് റിപ്പോര്‍ട്ട്. അനുസരണക്കേടിന് കുട്ടിയ്ക്ക് ശിക്ഷ നല്‍കിയതായി അമ്മ പൊലീസിനോട് സമ്മതിച്ചതായാണ് സൂചന. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തുവെന്ന് അമ്മ പൊലീസിനോട് വിശദമാക്കി. കുട്ടിയ്ക്ക് പരിക്കേറ്റതെങ്ങനെയാണെന്ന ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മ കുറ്റം സമ്മതിച്ചത്.

പൊലീസ് ഇവരുടെ അയല്‍വാസികളില്‍നിന്നും മൊഴിയെടുത്തു. കുട്ടിയുടെ അമ്മ ജാർഖണ്ഡും  അച്ഛൻ ബംഗാൾ സ്വദേശിയുമാണ്. പരിക്ക് മര്‍ദനത്തെ തുടർന്നുണ്ടായത് തന്നെയെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പോലീസ് വിശദമാക്കി. അതേസമയം കുട്ടിയുടെ ചികിത്സ സർക്കാർ ഏറ്റെടുത്തുവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. സാമൂഹ്യ നീതി വകുപ്പിനാണ് ചികിത്സയുടെ ചുമതല.

ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലനീതി നിയമം അനുസരിച്ചും വധശ്രമത്തിനുമാണ് കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന. വീടിന്‍റെ ടെറസില്‍ നിന്ന് വീണതിനെ തുടര്‍ന്നാണ് കുഞ്ഞിന് പരിക്കേറ്റതെന്നായിരുന്നു ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞിരുന്നത്.

എന്നാല്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി ആശുപത്രി അധികൃതര്‍ കണ്ടെത്തി. കുഞ്ഞിന്‍റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെയാണ് ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരേയും വിളിച്ചു വരുത്തിയത്.

അതേസമയം 3 വയസുകാരന്‍റെ ശസ്ത്രക്രിയ പൂർത്തിയായി. കുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നെന്ന് ഡോക്ടർമാർ വിശദമാക്കി. തലച്ചോറിനകത്തെ രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും മരുന്നുകളോടും പ്രതികരിക്കുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കുട്ടി വെന്‍റിലേറ്ററിൽ തുടരുകയാണ്. 
 

click me!