
വിസ്കോൺസിൻ: സുഹൃത്തിനെ കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നില്‍ വിഷം കലർത്തിക്കൊന്ന 39കാരി കുറ്റക്കാരിയെന്ന് കോടതി. അമേരിക്കയിലെ വിസ്കോണ്‍സിനിലാണ് സംഭവം. 2018ല്‍ കുടുംബ സുഹൃത്തായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ അന്വേഷണത്തിലാണ് 39കാരി അറസ്റ്റിലാവുന്നത്. ജെസി കുർസെവിക്സി എന്ന 39കാരിയാണ് സുഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തിയിട്ടുള്ളത്. ലിന്‍ ഹെർനാന്‍ എന്ന യുവതിയാണ് 2018 ഒക്ടോബർ മാസത്തില്‍ കൊല്ലപ്പെട്ടത്.
മരുന്നുകള്‍ പൊട്ടിച്ച് കയ്യിൽ പിടിച്ച നിലയിൽ സ്വന്തം വീട്ടിലായിരുന്നു ലിന്‍ ഹെർനാനിന്റെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്ത് അബോധാവസ്ഥയിലാണ് ശ്വാസമെടുക്കുന്നില്ലെന്നും വിശദമാക്കി പൊലീസിന്റെയും ആംബുലന്‍സിന്റേയും സഹായം തേടിയത് ജെസി ആയിരുന്നു. പതിവ് സന്ദർശനത്തിന് എത്തിയപ്പോള്‍ സുഹൃത്തിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നാണ് ജെസി അന്ന് പൊലീസിനോട് വിശദമാക്കിയത്. ലിന്‍ ആത്മഹത്യ ചെയ്തതാണോയെന്ന് സംശയമുണ്ടെന്ന് പൊലീസിനോട് പ്രതികരിച്ചതും ജെസി ആയിരുന്നു. എന്നാൽ മൃതദേഹ പരിശോധനയിൽ ലിന്നിന്റെ മൃതദേഹത്തില്‍ നിന്ന് ടെട്രാഹൈഡ്രോസോലിന്‍ എന്ന വസ്തു കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്.
ലിന്നിന്റെ ശരീരത്തില്‍ ടെട്രാഹൈഡ്രോസോലിന്‍ സാന്നിധ്യം വ്യക്തമായിരുന്നു. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നില്‍ കാണുന്ന പദാർത്ഥമായിരുന്നു ഇത്. അമിതമായ അളവിൽ ഈ വസ്തു അകത്ത് എത്തുന്നത് രക്ത സമ്മർദ്ദം വർധിക്കാനും അപകടകരമായ രീതിയിൽ ശ്വാസം മുട്ടല്‍ അടക്കമുള്ളവ അനുഭവപ്പെടാനും സാധ്യത ഉണ്ടാക്കുന്നതാണ്. വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ പോലെ കാണിക്കുകയായിരുന്നു 39കാരി ചെയ്തത്. കണ്ണിലൊഴിക്കുന്ന മരുന്ന് അമിതമായ അളവില്‍ കുടിവെള്ളത്തിൽ കലർത്തി സുഹൃത്തിന് നൽകിയിരുന്നുവെന്ന് ജെസിയെ ചോദ്യം ചെയ്തതില്‍ നിന്ന് വ്യക്തമായിരുന്നു. 2 കോടിയോളം രൂപ ലിന്നിന്റെ പക്കല് നിന്ന് ജെസി തട്ടിയെടുത്തിരുന്നു. ഇതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്.
ജെസിക്ക് മനപ്പൂർവ്വമുള്ള കൊലപാതകത്തിന് ജീവപര്യന്തം തടവും മോഷണത്തിനും വഞ്ചനയ്ക്കും പത്ത് വർഷം അധിക തടവും ശിക്ഷ നൽകിയാണ് കോടതി നടപടികൾ അവസാനിപ്പിച്ചത്. 2023 ഡിസംബറില്‍ ജെസിയുടെ ശിക്ഷ കാലം ആരംഭിക്കുമെന്നും കോടതി വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam