
എറണാകുളം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ലഹരിമരുന്ന് വിൽപന വ്യാപകമായതോടെ അന്വേഷണം ശക്തമാക്കി പൊലീസ്. എറണാകുളം പച്ചാളത്ത് നിന്ന് 40 കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. ഒഴിഞ്ഞ പറമ്പിന് സമീപത്തെ ആളില്ലാ കെട്ടിടത്തിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.
കഞ്ചാവ് കൊണ്ടുവച്ചതാരാണെന്നോ ആർക്കുവേണ്ടിയാണെന്നോ ഇതുവരെ വിവരം ലഭിച്ചിട്ടില്ല. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി എറണാകുളം നോർത്ത് പൊലീസ് സിഐ പറഞ്ഞു.
ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്ക് മുന്നോടിയായി കൊച്ചിയിൽ ലഹരി പാർട്ടികളുടെ സാന്നിധ്യം ശക്തമാക്കുവാൻ സാധ്യതയുള്ളതിനാൽ സിറ്റി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. ഡി സി പിയുടെ നിർദ്ദേശപ്രകാരം നഗരത്തിൽ വ്യാപകമായ പരിശോധനളാണ് നടക്കുന്നത്.
കഞ്ചാവ് ലഹരിയിൽ യുവാക്കളുടെ ആക്രമണം; വനിതാ കോൺസ്റ്റബിളിന്റെ നെഞ്ചിൽ ചവിട്ടി
കഞ്ചാവ് ലഹരിയിലായിരുന്ന രണ്ട് യുവാക്കളുടെ ആക്രമണത്തിൽ വനിതാ പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്. കൊല്ലത്ത് അഞ്ചാലുംമൂട് ജങ്ഷനിൽ ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്. ആക്രമണത്തിൽ സൂരജ് (23), ശരത്ത് (23) എന്നിവരെ അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രിയോടെ പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അഞ്ചാലുംമൂട് ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുമുന്നില്‍വെച്ച് പൂക്കട നടത്തുന്ന അജി എന്നയാളുടെ കാറില്‍ ഇടിച്ചതാണ് സംഭവത്തിന് തുടക്കം. വണ്ടി ഇടിച്ചതിനെ ചോദ്യം ചെയ്ത അജിയെ സൂരജും ശരത്തും മർദ്ദിച്ചു.
ഇവരുടെ കയ്യിലുണ്ടായിരുന്ന ഹെൽമെറ്റ് ഉപയോഗിച്ച് അജിയുടെ തലയടിച്ച് പൊട്ടിച്ചു. ഇവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തൃക്കരുവ സ്വദേശി ഉല്ലാസ് എന്നയാളുടെ കാലിൽ ഇടിച്ചു. ബൈക്കുമായി രക്ഷപ്പെടുന്നതിനിടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയും പൊലീസ് ഇവരെ പിടികൂടുകയുമായിരുന്നു.
സ്റ്റേഷനിലെത്തിച്ചപ്പോൾ ഇരുവരും അവിടെവച്ചും അക്രമോത്സുകരായി.ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ വനിതാ പൊലീസ് ഓഫീസർ അജിമോളുടെ നെഞ്ചിൽ ചവിട്ടുകയും യൂണിഫോം പിടിച്ച് വലിക്കുകയും ചെയ്തു. സ്റ്റേഷനിൽ 5000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കി. തലയ്ക്ക് പരിക്കേറ്റ അജി, കാലിന് പരിക്കേറ്റ ഉല്ലാസ്, നെഞ്ചിൽ ചവിട്ടേറ്റ പൊലീസ് ഓഫീസർ അജിമോൾ എന്നിവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ നൽകി.