Latest Videos

2008ലെ ഫാഷൻ ഡിസൈനറുടെ കൊലപാതകം; കാൺപൂർ ഐഐടി പൂർവ്വവിദ്യാർത്ഥിക്ക് ജീവപര്യന്തം തടവ് വിധിച്ച് കോടതി

By Web TeamFirst Published May 23, 2024, 2:38 PM IST
Highlights

സ്വവർഗ ലൈംഗിക ചിന്താഗതിയുള്ള ചില ഗ്രൂപ്പുകളിലൂടെ ഇവർ തമ്മിൽ പരിചയമുണ്ടായിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.  ഇതിന് പിന്നാലെയാണ് തെളിവുകളോടെ 2012ലാണ് രാഹുലിനെ കേസിൽ അറസ്റ്റ് ചെയ്തത്. ആദേശ് മെയിലുകളിൽ സൂക്ഷിച്ചിരുന്ന രാഹുലിന്റെ ചിത്രങ്ങളാണ് കേസ് അന്വേഷണത്തിന്റെ ഗതി തന്നെ മാറ്റിയത്.

ലക്നൌ: മുംബൈ സ്വദേശിയായ ഫാഷൻ ഡിസൈനറുടെ കൊലപാതകത്തിൽ കാൺപൂർ ഐഐടിയിലേയും ലക്നൌ ഐഐഎമ്മിലേയും പൂർവ്വ വിദ്യാർത്ഥിയായ 45കാരന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ലക്നൌവ്വിലെ സിബിഐ പ്രത്യേക കോടതിയാണ് 45 കാരന് ശിക്ഷ വിധിച്ചത്. 2008ൽ നടന്ന കൊലപാതക കേസിലാണ് ഒടുവിൽ വിധി വരുന്നത്. 

2008ൽ 35 കാരനായ ആദേശ് ബാജ്പേയി എന്ന ഫാഷൻ ഡിസൈനറെയാണ് രാഹുൽ വർമ എന്ന ഐഐടി, ഐഐഎം പൂർവ്വ വിദ്യാർത്ഥി ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകം, തെളിവ് നശിപ്പിക്കൽ, അന്വേഷണം വഴി തെറ്റിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് രാഹുൽ വർമയ്ക്കെതിരെ തെളിഞ്ഞിരിക്കുന്നത്. കേസിൽ ജാമ്യം നേടിയിരുന്ന രാഹുലിനെ ബുധനാഴ്ച സിബിഐ കോടതിയിൽ ഹാജരാക്കിയിരുന്നു. രാഹുലിനെതിരായ കുറ്റങ്ങൾ തെളിഞ്ഞതിന് പിന്നാലെ ഇയാളുടെ ജാമ്യം റദ്ദാക്കിയിരുന്നു. 2010ലാണ് കേസ് അന്വേഷണം സിബിഐയെ ഏൽപ്പിച്ചത്. അലഹബാദ് ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെയായിരുന്നു ഇത്. 

മകനെ കാണാനില്ലെന്ന പരാതിയുമായി സൂര്യ കാന്ത് ബാജ്പേയി എന്നയാൾ 2008 ഓഗസ്റ്റ് 20നാണ് പൊലീസിൽ പരാതി നൽകിയത്. കാൻപൂരിലേക്ക് ബിസിനസ് ആവശ്യങ്ങൾക്കായി പോയ മകനെ കാണാനില്ലെന്നായിരുന്നു സൂര്യകാന്ത് പരാതിപ്പെട്ടത്. അന്വേഷണത്തിൽ കാൻപൂരിലെത്തിയ ആദേശ് ബന്ധുവായ യുവാവിനെ കണ്ടതായും പൊലീസ് കണ്ടെത്തി. ബന്ധുവായ യുവാവ് ആദേശിനെ സുഹൃത്തിന്റെ അടുക്കൽ വിട്ടതായി മൊഴി നൽകി. ആദേശിന്റെ ഫോൺ വിളികളെ പിന്തുടർന്നുള്ള അന്വേഷണത്തിലാണ രാഹുൽ വർമയിലേക്ക് അന്വേഷണം നീണ്ടത്. എന്നാൽ ആദേശിനെ പരിചയം ഇല്ലെന്നായിരുന്നു രാഹുൽ മൊഴി നൽകിയത്. 

ഇതിന് പിന്നാലെ 2008 ഓഗസ്റ്റ് 23ന് ഐഐടി കാൺപൂർ ക്യാംപസിൽ നിന്ന് തലയോട്ടിയും എല്ലുകളും കണ്ടെത്തി. ആസിഡ് ഒഴിച്ച് കത്തിച്ച നിലയിലായിരുന്നു ഇവയുണ്ടായിരുന്നത്. ഫോറൻസിക് ലാബിലേക്ക് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചെങ്കിലും ഈ പരിശോധന പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ തലയോട്ടിയും എല്ലുകളും ഹൈദരബാദിലേക്ക് അയച്ച് നടത്തിയ പരിശോധനയിലാണ് കാണാതായ യുവാവിന്റേതാണെന്ന് സ്ഥിരീകരിക്കുന്നത്. ഇതിന് പിന്നാലെ ആദേശിന്റെ ഇമെയിലുകളിൽ സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയാണ് രാഹുലിനെതിരായ സുപ്രധാന തെളിവുകൾ നൽകിയത്. 

സ്വവർഗ ലൈംഗിക ചിന്താഗതിയുള്ള ചില ഗ്രൂപ്പുകളിലൂടെ ഇവർ തമ്മിൽ പരിചയമുണ്ടായിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.  ഇതിന് പിന്നാലെയാണ് തെളിവുകളോടെ 2012ലാണ് രാഹുലിനെ കേസിൽ അറസ്റ്റ് ചെയ്തത്. ആദേശ് മെയിലുകളിൽ സൂക്ഷിച്ചിരുന്ന രാഹുലിന്റെ ചിത്രങ്ങളാണ് കേസ് അന്വേഷണത്തിന്റെ ഗതി തന്നെ മാറ്റിയത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!