തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് എംഡിഎംഎ വില്‍പ്പന; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

By Web TeamFirst Published Jun 23, 2021, 1:27 AM IST
Highlights

5000 രൂപ മുതൽ 10,000 രൂപവരെയാണ് അര ഗ്രാം എംഡിഎംഎക്ക് പ്രതികൾ ഈടാക്കിയിരുന്നത്. രണ്ട് കിലോഗ്രാം കഞ്ചാവുമായി പിടിക്കപ്പെട്ടതിന് സനീഷിനെതിരെ ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫീസിൽ കേസ് നിലവിലുണ്ട്

തൃശൂര്‍: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് അതിതീവ്ര മയക്കുമരുന്നായ എംഡിഎംഎ
വിൽപ്പന്യ്ക്ക് എത്തിച്ച അഞ്ച് യുവാക്കൾ പിടിയിൽ. എരുമപ്പെട്ടി സ്വദേശികളായ അഞ്ച് പേരാണ് മെഡ‍ിക്കൽ കോളജ് പൊലീസിന്‍റെ പിടിയിലായത്. ഇവരിൽ നിന്ന് ഒന്നര ഗ്രാം എംഡിഎംഎ കണ്ടെടുത്തു. 

ജിത്തു തോമസ്, അഭിജിത്ത്, ശരത്ത്, രഞ്ജിത്ത്, സനീഷ് എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ അനന്തലാലും സംഘവും പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറും പിടിച്ചെടുത്തു. ജിത്തു, ശരത്ത്, അഭിജിത്ത് എന്നിവരാണ് കാറിൽ സഞ്ചരിച്ച് എംഡിഎംഎ വിൽപ്പന നടത്തിയിരുന്നത്. മയക്കുമരുന്നുകൾ വീട്ടിൽ സൂക്ഷിക്കുന്നതും വിൽപ്പന നടത്തുന്നതിനുമുള്ള ആസൂത്രണങ്ങൾ നടത്തുന്നതും കുണ്ടന്നൂരിലെ സനീഷിന്‍റെ വീട്ടിൽ വെച്ചാണ്.

സംഘത്തിലെ പ്രധാനി ജിത്തുവിന് രഞ്ജിത്താണ് മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നത്. രഞ്ജിത്തിന് എംഡിഎംഎ വിതരണം ചെയ്യുന്നയാളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് ചിലർ മയക്കുമരുന്ന് വിൽക്കുന്നുണ്ടെന്ന് മുമ്പും പൊലീസിന് സൂചനകൾ ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇവർ പടിടിയിലായത്. 5000 രൂപ മുതൽ 10,000 രൂപവരെയാണ് അര ഗ്രാം എംഡിഎംഎക്ക് പ്രതികൾ ഈടാക്കിയിരുന്നത്.

രണ്ട് കിലോഗ്രാം കഞ്ചാവുമായി പിടിക്കപ്പെട്ടതിന് സനീഷിനെതിരെ ചിറ്റൂർ എക്സൈസ് സർക്കിൾ ഓഫീസിൽ കേസ് നിലവിലുണ്ട്. വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടിയതിന് അഭിജിത്തിനെതിരെയും കേസുണ്ട്. കഞ്ചാവ് പിടികൂടിയ കേസിൽ പാലക്കാട് റെയിൽവേ പൊലീസ് സ്റ്റേഷനിലും തൃശൂർ എക്സൈസിലും ശരത്തിനെതിരെയും കേസ് നിലവിലുണ്ട്.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും സംസ്ഥാനത്ത് മയക്കുമരുന്ന് എത്തിക്കുന്ന അന്തര്‍സംസ്ഥാന റാക്കറ്റുകളെക്കുറിച്ചും മയക്കുമരുന്ന് ഉപഭോക്താക്കളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്നും മെഡിക്കൽ കോളജ് പൊലീസ് അറിയിച്ചു. 
 

click me!