3.5 കോടിയുടെ ഇന്‍ഷുറന്‍സിനായി 62കാരനെ ജീവനോടെ തീ കൊളുത്തിക്കൊന്ന് ഭാര്യ

By Web TeamFirst Published Apr 10, 2021, 8:21 PM IST
Highlights

അപകടത്തില്‍ പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തുകൊണ്ടുപോകുന്നതിനിടെ വാഹനം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. സഹായത്തിനുണ്ടായിരുന്നു ബന്ധുവിന് 1ലക്ഷം രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം.

കോയമ്പത്തൂര്‍: 3.5 കോടിരൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി 62കാരനായ ഭര്‍ത്താവിലെ ജീവനോടെ തീ കൊളുത്തിക്കൊന്ന് ഭാര്യ. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. പവര്‍ ലൂം ഉടമയായ ഈറോഡ് സ്വദേശി കെ രംഗരാജാണ്  മരിച്ചത്. മാര്‍ച്ച് 15 ന് ഒരു അപകടത്തില്‍ പരിക്കേറ്റ് ചികിത്സ പൂര്‍ത്തിയാക്കി വീട്ടിലേക്ക് പോകുംവഴി വ്യാഴാഴ്ച കാര്‍ കത്തി കെ രംഗരാജന്‍ മരിച്ചതെന്നാണ്  57കാരിയായ ഭാര്യ ആര്‍ ജോതിമണി ബന്ധുക്കളേയും വീട്ടുകാരേയും വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ അപകടത്തേക്കുറിച്ച് ഭാര്യയും കൊലപാതകത്തിന് സഹായിച്ച ഒപ്പമുണ്ടായിരുന്ന ബന്ധുവിന്‍റെ മൊഴിയിലുമുണ്ടായ സംശയത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരം പുറത്ത് വരുന്നത്.

ജോതിമണിയും ബന്ധുവായ രാജയും ചേര്‍ന്നാണ് സംഭവദിവസം രംഗരാജനെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയത്. ഈറോഡിലേക്ക് പോകുന്ന വഴിയില്‍ പെരുമനല്ലൂര്‍ എന്ന സ്ഥലത്ത് രാത്രി 11.30ോടെ ഇവര്‍എത്തി. രാജ വാഹനം റോഡരികില്‍ നിര്‍ത്തി. ജോതിമണിയും രാജയും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി. ഇതിന് ശേഷം പെട്രോളൊഴിച്ച് വാഹനത്തിന് തീ കൊടുക്കുകയായിരുന്നു. അപകടത്തേക്കുറിച്ച് രാജ നല്‍കിയ വിവരത്തില്‍ തോന്നിയ സംശയമാണ് നടന്നത് അപകടമല്ലെന്നും കൊലപാതകമാണെന്നുമുള്ള സംശയത്തിലേക്ക് പൊലീസിനെ എത്തിച്ചത്. റോഡപകടത്തില്‍ രംഗരാജന്‍ കൊല്ലപ്പെട്ടുവെന്നാണ് തിരുപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ രാജ അറിയിച്ചത്.

സംഭവ സ്ഥലം പരിശോധിച്ച പൊലീസിന് സംശയം തോന്നി അന്വേഷണം നടത്തിയപ്പോള്‍ രാജ പെട്രോള്‍ കന്നാസില്‍ വാങ്ങിയ വിവരം കണ്ടെത്തുകയായിരുന്നു. പെട്രോള്‍ പമ്പിലെ സിസിടിവി ദൃശ്യമടക്കം നടത്തിയ ചോദ്യം ചെയ്യലിലാണ് രംഗരാജനെ ജീവനോടെ വാഹനത്തിനുള്ളിലിട്ട് ചുട്ട് കരിക്കുകയാണെന്ന് വ്യക്തമായത്. പൊലീസ് അന്വേഷണ്തില്‍ രംഗരാജന് 1.5 കോടി കടമുണ്ടായിരുന്നുവെന്നും പണത്തിനായി ജോതിമണിയെ തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും വ്യക്തമായി.

ജോതിമണിയെ നോമിനിയാക്കി 3.5 കോടി രൂപയുടെ മൂന്ന് ഇന്‍ഷുറന്‍സ് പോളിസികളും രംഗരാജനുണ്ടായിരുന്നു. പണത്തിനായി ഭര്‍ത്താവ് തുടര്‍ച്ചയായി ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ ജോതിമണി രംഗരാജനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.ഇതിനായി ബന്ധുവായ രാജയുടെ സഹായം തേടിയ ജോതിമണി അഡ്വാന്‍സായി 50000 രൂപയും നല്‍കി.രംഗരാജനെ കൊലപ്പെടുത്തിയാല്‍ ഒരു ലക്ഷം രൂപ നല്‍കാമെന്നായിരുന്നു ജോതിമണി രാജയ്ക്ക് നല്‍കിയ വാഗ്ദാനം. പ്രതികള്‍ രണ്ടുപേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി. 

click me!