
ബെംഗളൂരു:ബെംഗളൂരുവിൽ ആറുവയസ്സുകാരിയായ പെൺകുട്ടിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കേസിൽ കുട്ടിയുടെ അമ്മയും അഭിഭാഷകയുമായ പ്രിയങ്ക പിയും കാമുകൻ മോഹൻ എം ജിയ്ക്കുമെതിരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ആറുവയസുകാരിയായ വെണ്ണില മാർച്ച് മാസം 24നാണ് മരിച്ചത്. വെണ്ണിലയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബിരിയാണിയും ഐസ്ക്രീമും കഴിച്ച് ഉറങ്ങാൻ കിടന്ന ആറുവയസുകാരി പിന്നീട് ഉണർന്നില്ല. രാവിലെ മകൾ ഉണരാത്തത് കണ്ട് നോക്കിയപ്പോഴാണ് മകളെ അനക്കമറ്റ നിലയിൽ കണ്ട് പ്രിയങ്ക ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു. ഭക്ഷ്യ വിഷബാധയെന്ന സംശയത്തിൽ അസ്വഭാവിക മരണത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില കണ്ടെത്തലുകൾ പ്രിയങ്കയുടെ മൊഴിക്ക് വിരുദ്ധമായതോടെയാണ് പ്രിയങ്കയുടെ ആദ്യ ഭർത്താവും കുട്ടിയുടെ അച്ഛനും ദുരൂഹതയാരോപിച്ചത്. പിന്നാലെ നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പൊലീസ് നടത്തിയത്.
കുട്ടിയുടെ മരണത്തിന് മൂന്ന് മാസം മുൻപ് തന്നെ അമ്മയും കാമുകനും ചേർന്ന് ഒരു പുതിയ കുടുംബം ആരംഭിക്കുന്നതിനായി ഐ.വി.എഫ് ചികിത്സയ്ക്കായി ആശുപത്രി സന്ദർശിച്ചിരുന്നതായും അവിടെ പ്രിയങ്കയുടെ അണ്ഡത്തിന്റെ സാമ്പിൾ ശേഖരിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ പുതിയ കുടുംബം കെട്ടിപ്പടുക്കാനുള്ള പദ്ധതിയാണോ കുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന കാര്യമാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. കുട്ടിയുടെ കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രിയങ്കയെ ഏഴു ദിവസത്തെ തിരച്ചിലിനൊടുവിൽ ബെംഗളൂരുവിൽ നിന്നും ഏകദേശം 220 കിലോമീറ്റർ അകലെയുള്ള ഹാസൻ ജില്ലയിലെ സകലേശ്പൂരിലെ ഒരു ഫാം ഹൗസിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് അവർ രണ്ടുതവണ താമസം മാറിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. പ്രിയങ്കയുമായി അകന്നു കഴിയുകയായിരുന്ന ഭർത്താവ് പ്രവീൺ ജൂൺ 4ന് നൽകിയ പരാതിയെ തുടർന്നാണ് ഈ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പരാതി ലഭിച്ചയുടൻ തന്നെ കാമുകനായ മോഹനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ചോദ്യം ചെയ്യലിൽ, കാറിനുള്ളിൽ വെച്ച് കുട്ടിയെ മർദ്ദിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് മോഹൻ മൊഴി നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ ചർമ്മത്തിന്റെ നിറത്തിൽ പ്രിയങ്കയ്ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നുവെന്നും, കുഞ്ഞിനോടുള്ള ഈ വെറുപ്പും കൊലപാതകത്തിന് ഒരു കാരണമായിട്ടുണ്ടാകാമെന്നുമാണ് പൊലീസ് നൽകുന്ന സൂചന. കേസിന്റെ പ്രാരംഭ ഘട്ടത്തിൽ അന്വേഷണത്തിൽ ചില വീഴ്ചകൾ സംഭവിച്ചതായി ബെംഗളൂരു പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ഈ വീഴ്ചകൾക്ക് കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മാറ്റുകയും, മറ്റൊരു ഡിവിഷനിൽ നിന്നുള്ള അസിസ്റ്റന്റ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥന് കേസിന്റെ പുതിയ ചുമതല കൈമാറുകയും ചെയ്തിട്ടുണ്ട്.
2007 ഫെബ്രുവരി 22നായിരുന്നു പ്രിയങ്ക പ്രവീൺ ബാസപ്പയെ വിവാഹം ചെയ്തത്.17 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2025ൽ ഒരു കേസ് സംബന്ധിയായാണ് പ്രിയങ്ക കോളേജിലെ സഹപാഠിയായ മോഹനുമായി വീണ്ടും കാണുന്നത്. 1000 കോടിയിലേറെ മൂല്യമുള്ള ബിസിനസ് സംരംഭങ്ങളുടെ ഉടമയായ മോഹനുമായുള്ള പ്രിയങ്കയുടെ ചങ്ങാത്തം വളരെ പെട്ടന്ന് പ്രണയത്തിൽ എത്തുകയായിരുന്നു. പ്രവീണുമായി പിരിഞ്ഞ് പ്രിയങ്ക മകളുമൊന്നിച്ച് മോഹനൊപ്പം താമസവും ആരംഭിച്ചു. ജനുവരി മാസത്തിലാണ് പ്രവീണുമായുള്ള വിവാഹം വേർപെടുത്താൻ പ്രിയങ്ക മുൻകൈ എടുത്തത്. പെൺമക്കളെ കാണിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയിലാണ് വിവാഹ മോചനത്തിന് വഴങ്ങിയതെന്നാണ് പ്രവീൺ മാധ്യമങ്ങളോട് വിശദമാക്കിയത്. പിരിഞ്ഞതിന് ശേഷം മൂത്ത മകൾ പ്രവീണിന് ഒപ്പവും ഇളയ മകൾ വെണ്ണില പ്രിയങ്കയ്ക്ക് ഒപ്പവും ആയിരുന്നു താമസിച്ചത്. വെണ്ണിലയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ അസ്വഭാവികത പ്രവീണിന്റെ സഹോദരിയാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് പ്രവീൺ പരാതി നൽകിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam