'ദേശ സുരക്ഷയെ വരെ ബാധിച്ചു, അശ്ലീല സന്ദേശമയച്ചു', 5 ദിവസത്തെ 'ഡിജിറ്റൽ അറസ്റ്റിൽ' 74കാരന് നഷ്ടമായത് 97 ലക്ഷം

Published : Aug 06, 2024, 02:29 PM IST
'ദേശ സുരക്ഷയെ വരെ ബാധിച്ചു, അശ്ലീല സന്ദേശമയച്ചു', 5 ദിവസത്തെ 'ഡിജിറ്റൽ അറസ്റ്റിൽ' 74കാരന് നഷ്ടമായത് 97 ലക്ഷം

Synopsis

മാനഹാനി ഭയന്ന 74കാരൻ കേസിൽ നിന്ന് ഒഴിവാക്കാനും നിരപരാധിത്വം തെളിയിക്കാനുമായി ബാങ്ക് അക്കൌണ്ടിലെ സുതാര്യത ഉറപ്പിലാക്കാനുമായാണ് ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയ ആളുടെ നിർദ്ദേശം അനുസരിച്ച് വിവിധ അക്കൌണ്ടുകളിലേക്ക് പണം അയച്ചത്

പൂനെ: ദേശീയ സുരക്ഷയെ ബാധിക്കുമെന്ന പേരിൽ ഭീഷണിപ്പെടുത്തി 74കാരനെ  തട്ടിപ്പുകാർ ഡിജിറ്റൽ കസ്റ്റഡിയിലാക്കിയത് 5 ദിവസം. കടുത്ത മാനസിക സമ്മർദ്ദം നൽകി 74കാരിൽ നിന്ന് തട്ടിപ്പ് സംഘം തട്ടിയെടുത്തത് 97 ലക്ഷം രൂര. പൂനെയിലാണ് സംഭവം. 74കാരനെക്കൊണ്ട് ഫോണിൽ സംസാരിച്ചുകൊണ്ട് തന്നെ ബാങ്കിലെത്തി വലിയ രീതിയിലുള്ള തുക സംഘം ഓൺലൈനിലൂടെ കൈമാറുകയായിരുന്നു. ദേശീയ സുരക്ഷയെ വരെ ബാധിക്കുന്ന തരത്തിൽ അശ്ലീല സന്ദേശം അയച്ചുവെന്നും കള്ളപ്പണം വെളുപ്പിച്ചുവെന്നുമാണ് വീഡിയോ കോളിലെത്തിയ പൊലീസ് വേഷധാരിയായ തട്ടിപ്പ് സംഘം 74കാരനെ ധരിപ്പിച്ചത്. 

പൂനെയിലെ ബാനർ സ്വദേശിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ജൂലൈ അവസാന ആഴ്ചയാണ് അജ്ഞാതനായ ഒരാളിൽ നിന്ന് 74കാരന് ഫോൺ കോളെത്തുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയിലെ ഉദ്യോഗസ്ഥനാണ് താനെന്നാണ് ഇയാൾ 74കാരനോട് പറഞ്ഞത്. രണ്ട് മണിക്കൂറിനുള്ളിൽ 74കാരന്റെ ഫോൺ നമ്പർ ബ്ലോക്ക് ആകുമെന്നാണ് ഇയാൾ പറഞ്ഞത്. ദേശീയ സുരക്ഷയെ അടക്കം ബാധിക്കുന്ന രീതിയിൽ മുംബൈയിൽ പലർക്കും 74കാരന്റെ നമ്പറിൽ നിന്ന് അശ്ലീല സന്ദേശം എത്തിയെന്നാണ് ട്രായ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ അജ്ഞാതൻ വിശദമാക്കിയത്. ഫോൺ കട്ട് ചെയ്യാതെ തന്നെ മറ്റൊരു നമ്പറിലേക്ക് വിളിക്കാനും അജ്ഞാതൻ ആവശ്യപ്പെട്ടു. 

ഈ ഫോൺ കോളിൽ മറുതലയ്ക്കൽ പൊലീസ് ഉദ്യോഗസ്ഥനെന്ന് അവകാശപ്പെട്ട മറ്റൊരാളാണ് എത്തിയത്. 74കാരൻ കള്ളപ്പണം വെളുപ്പിച്ചതായും  വയോധികന്റെ പേരിലുള്ള ബാങ്ക് അക്കൌണ്ടിൽ നിന്ന് സംശയാസ്പദമായ ഇടപാടുകൾ നടന്നെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥനെന്ന് അവകാശപ്പെട്ടയാൾ വിശദമാക്കിയത്. വയോധികനെ അറസ്റ്റ് ചെയ്യാനുള്ള വാറന്റ് ഇറക്കിയതായും തട്ടിപ്പ് സംഘം 74കാരനെ ഭീഷണിപ്പെടുത്തി. ഭയന്ന് പോയ 74കാരനെ 5 ദിവസം വിവിധ രീതിയിൽ ഭീഷണിപ്പെടുത്തിയ സംഘം പല രീതിയിലുള്ള നിർദ്ദേശം നൽകിയാണ് അക്കൌണ്ടിൽ നിന്ന് വൻതുക തട്ടിയെടുത്തത്. വീഡിയോ കോളിൽ മഹാരാഷ്ട്ര ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയ തട്ടിപ്പ് സംഘാംഗം 74കാരനെ ഡിജിറ്റൽ അറസ്റ്റ് ചെയ്തതായും വ്യക്തമാക്കി. 

മാനഹാനി ഭയന്ന 74കാരൻ കേസിൽ നിന്ന് ഒഴിവാക്കാനും നിരപരാധിത്വം തെളിയിക്കാനുമായി ബാങ്ക് അക്കൌണ്ടിലെ സുതാര്യത ഉറപ്പിലാക്കാനുമായാണ് ഐപിഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയ ആളുടെ നിർദ്ദേശം അനുസരിച്ച് വിവിധ അക്കൌണ്ടുകളിലേക്ക് പണം അയച്ചത്. വേരിഫിക്കേഷൻ പൂർത്തിയാക്കി പണം തിരികെ അക്കൌണ്ടിലെത്തുമെന്നായിരുന്നു സംഘം വിശദമാക്കിയിരുന്നത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പണം അക്കൌണ്ടിലെത്താതിരുന്നതോടെയാണ് 74കാരൻ പൊലീസിനെ സമീപിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിപിഎം സമരത്തിൽ പങ്കെടുത്തില്ല, ആദിവാസി വയോധികയ്ക്ക് തൊഴിൽ നിഷേധിച്ചതായി പരാതി
'പ്രധാന സാക്ഷികൾ മരിച്ചു, മറ്റ് സാക്ഷികൾ കൂറുമാറി', ആൽത്തറ വിനീഷ വധക്കേസിൽ ശോഭാ ജോൺ അടക്കമുള്ള പ്രതികൾ പുറത്ത്