ഓട്ടിസം ബാധിച്ച 8 വയസുകാരനെ കൊടുംതണുപ്പില്‍ ഉപേക്ഷിച്ചു; പൊലീസുകാരനായ പിതാവും കാമുകിയും അറസ്റ്റില്‍

By Web TeamFirst Published Jan 25, 2020, 7:08 PM IST
Highlights

ക്രൂരമര്‍ദനത്തിന് ശേഷം കൊടുംതണുപ്പില്‍ കാര്‍ ഷെഡില്‍ കഴിഞ്ഞ കുട്ടി മരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കുട്ടി സ്കൂളിലേക്കുള്ള ബസ്  കാണാത്തതിനെ തുടര്‍ന്ന് കാര്‍ ഷെഡില്‍ ഇരിക്കുകയായിരുന്നുവെന്നും അത് അറിഞ്ഞിരുന്നില്ലെന്നുമായിരുന്നു പൊലീസുകാരന്‍ ആദ്യം പറഞ്ഞിരുന്നത്

ലോങ് ഐസ്ലന്‍റ് (ന്യൂയോര്‍ക്ക്): ഓട്ടിസം ബാധിച്ച എട്ട് വയസ്സുകാരനെ ഭക്ഷണം നല്‍കാതെ മര്‍ദിച്ച് അവശനാക്കി കൊടുംതണുപ്പില്‍ ഗ്യാരേജില്‍ ഉപേക്ഷിച്ച പൊലീസുകാരനായ പിതാവും കാമുകിയും അറസ്റ്റില്‍. ക്രൂരമര്‍ദനത്തിന് ശേഷം കൊടുംതണുപ്പില്‍ കാര്‍ ഷെഡില്‍ കഴിഞ്ഞ കുട്ടി മരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ന്യൂയോര്‍ക്കിലെ ലോങ് ഐസ്‍ലന്‍റിലാണ് സംഭവം. നാല്‍പതുകാരനായ മൈക്കല്‍ വാല്‍വ, കാമുകി ഏയ്ഞ്ചല പോളിന എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.

മൈക്കലിന്‍റെ മകനായ എട്ടുവയസുകാരന്‍ തോമസ് വാല്‍വയെയാണ് കഴിഞ്ഞ ദിവസം കാര്‍ ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടും തണുപ്പില്‍ കിടന്നുറങ്ങേണ്ടി വന്നതും ശരീരത്തിലേറ്റ മര്‍ദനവുമായിരുന്നു ഓട്ടിസം ബാധിച്ച തോമസ് വാല്‍വയുടെ മരണകാരണം. കുട്ടി സ്കൂളിലേക്കുള്ള ബസ്  കാണാത്തതിനെ തുടര്‍ന്ന് കാര്‍ ഷെഡില്‍ ഇരിക്കുകയായിരുന്നുവെന്നും അത് അറിഞ്ഞിരുന്നില്ലെന്നുമായിരുന്നു പൊലീസുകാരനായ വാല്‍വ ആദ്യം പറഞ്ഞത്. എന്നാല്‍ തോമസിന്‍റെ മൃതദേഹ പരിശോധനയില്‍ മര്‍ദനം ഏറ്റത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൊലപാതക സാധ്യതകളിലേക്ക് കേസ് അന്വേഷണം തിരിഞ്ഞത്. 

വാല്‍വയുടെ ആദ്യ ഭാര്യയും തോമസിന്‍റെ അമ്മയുമായ ജസ്റ്റിന സുബ്കോ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതി നല്‍കിയിരുന്നു. തന്‍റെ കുട്ടികള്‍ക്ക് വാല്‍വ ഭക്ഷണം നല്‍കാതെ പട്ടിണിക്കിടുന്നുവെന്ന് ജസ്റ്റിന നേരത്തെ ആരോപിച്ചിരുന്നു. 

കാര്‍ ഷെഡില്‍ മരച്ച നിലയില്‍ കിടന്ന തോമസിന്‍റെ ശരീരോഷ്മാവ് ചൂടുവെള്ളത്തില്‍ കുളിപ്പിച്ച് ഉയര്‍ത്താനും വാല്‍വ ശ്രമിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തണുത്ത് മരിച്ച മകനെ ചൂടുവെള്ളത്തില്‍ കുളിപ്പിച്ച ശേഷമായിരുന്നു അത്യാഹിത സേവനം വാല്‍വ ആവശ്യപ്പെട്ടത്. തോമസിന് സിപിആര്‍ നല്‍കാനുള്ള ശ്രമങ്ങളില്‍ ഏര്‍പ്പെടുന്ന നിലയിലായിരുന്നു അവശ്യ സേവന ജീവനക്കാര്‍ എത്തുമ്പോള്‍ വാല്‍വ ഉണ്ടായിരുന്നത്. കുട്ടിയുടെ മുഖത്തേറ്റ പരിക്ക് സ്കൂള്‍ ബസില്‍ നിന്ന് വീണെന്ന് ഇയാള്‍ മൊഴി നല്‍കിയതാണ് കേസിലെ വഴിത്തിരിവായത്. 

വാല്‍വയും കാമുകിയും വാല്‍വയുടെ മറ്റ് മൂന്നുമക്കള്‍ക്കും ഭക്ഷണം നല്‍കാതെ ശിക്ഷിക്കാറുണ്ടായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവരെ സാമൂഹ്യ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. സ്കൂളില്‍ എത്തുന്ന വാല്‍വയുടെ കുട്ടികള്‍ വിശക്കുന്നുവെന്ന് പരാതിപ്പെടാറുണ്ടായിരുന്നുവെന്ന് അധ്യാപകരും മൊഴി നല്‍കിയിട്ടുണ്ട്. ഒന്‍പത് മാസത്തിനിടയില്‍ വാല്‍വയുടെ മറ്റൊരു മകനായ ആന്‍റണിയുടെ ഭാരം നാലുകിലോയോളം കുറഞ്ഞെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 2019 മെയ് മാസത്തില്‍ സാമൂഹ്യ സുരക്ഷാ വിഭാഗം പരിശോധന നടത്താനായി എത്തിയപ്പോള്‍ വാല്‍വയും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. അഞ്ച് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ശേഷമായിരുന്നു കുട്ടികളുടെ കസ്റ്റഡി വാല്‍വ നേടിയത്. 
 

click me!