പച്ചക്കറി ലോറിയിൽ ഒളിച്ചുകടത്തിയ 98 കിലോ കഞ്ചാവ് എക്സൈസ് വകുപ്പ് പിടികൂടി

By Web TeamFirst Published Aug 15, 2020, 6:49 PM IST
Highlights

എക്‌സൈസ് ഇന്റലിജന്‍സിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചരക്ക് ലോറിയില്‍ ഉള്ളി ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ചാണ്  കഞ്ചാവ് കൊണ്ട് വന്നത്

തോൽപ്പെട്ടി: പച്ചക്കറി ലോറിയിൽ ഒളിച്ചു കടത്തുകയായിരുന്ന ഒരു കോടി രൂപ വിലമതിക്കുന്ന  കഞ്ചാവ് വയനാട് തോൽപ്പെട്ടിയിൽ എക്സൈസ് പിടികൂടി. കേരള കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടിയില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ്  പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ  അറസ്റ്റ് ചെയ്തു.

എക്‌സൈസ് ഇന്റലിജന്‍സിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചരക്ക് ലോറിയില്‍ ഉള്ളി ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ചാണ്  കഞ്ചാവ് കൊണ്ട് വന്നത്. ലോറിയിലുണ്ടായിരുന്ന വയനാട് വൈത്തിരി അത്തിമൂല സ്വദേശി പി.രഞ്ജിത്ത്, കൊല്ലം കരുനാഗപ്പള്ളി ചാമ്പക്കടവു സ്വദേശി ആര്‍ അഖില്‍ കുമാര്‍ എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു.  എക്സൈസ് സമീപകാലത്ത്  നടത്തിയതിൽ  ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.  ആന്ധ്രയില്‍ നിന്ന് കേരളത്തില്‍ വില്‍പ്പനയ്ക്കായി കൊണ്ടു വരികയായിരുന്നു കഞ്ചാവെന്ന് പ്രതികള്‍ മൊഴി നല്‍കി.  പിന്നില്‍ പ്രവര്‍ത്തിച്ച മറ്റു പ്രതികള്‍ക്കായി അന്വേഷണം നടത്തി വരികയാണെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

ഒരാഴ്ചയിലധികമായ എക്‌സൈസ് ഇന്റലിജന്‍സ് നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് ഈ കഞ്ചാവ് പിടികൂടാൻ കഴിഞ്ഞത്. .എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ എം.കെ.സുനില്‍, മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്‍ എന്നിവരാണ് നേതൃത്വം നൽകിയത്. പച്ചക്കറി വണ്ടികളിൽ വ്യാപകമായി ലഹരി കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കൊവിഡ് നിയന്ത്രങ്ങളുള്ളതിനാൽ വാഹന പരിശോധന കുറഞ്ഞതും ചരക്ക് ലോറികളിൽ  ലഹരി വസ്തുക്കൾ കടത്താൻ മറയാകുന്നുണ്ട്.

click me!