യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘാംഗം കസ്റ്റഡിയിൽ, വാഹനങ്ങളും തിരിച്ചറിഞ്ഞു, പിന്നിൽ സാമ്പത്തിക ഇടപാട് 

By Web TeamFirst Published Oct 24, 2022, 9:22 PM IST
Highlights

ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് ചിറക്കൽപ്പടിയിൽ വച്ച് രണ്ട് കാറിലെത്തിയ പ്രതികൾ നിയാസിനെ തട്ടിക്കൊണ്ടുപോയത്.

പാലക്കാട് : ഗൾഫിൽ വെച്ച് നടത്തിയ സാമ്പത്തിക ഇടപാടിന്റെ പേരിൽ മണ്ണാർക്കാട് തിരുവിഴാംകുന്ന് സ്വദേശി നിയാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനങ്ങളും തിരിച്ചറിഞ്ഞു. ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് ചിറക്കൽപ്പടിയിൽ വച്ച് രണ്ട് കാറിലെത്തിയ പ്രതികൾ നിയാസിനെ തട്ടിക്കൊണ്ടുപോയത്. നിയാസ് സുഹൃത്തിനൊപ്പം തച്ചമ്പാറയിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപായപ്പെടുത്തൽ. തടയാൻ ശ്രമിച്ച സുഹൃത്ത് അനീഷിനെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി അകറ്റി മാറ്റി. അനീഷ് തന്നെയാണ് വിവരം മണ്ണാർക്കാട് പൊലീസിൽ അറിയിച്ചത്. ഗൌരവമായ വിവരങ്ങളാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രവാസിയായിരുന്ന നിയാസ് ഗൾഫിൽ വച്ച് നടത്തിയ സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു. ഇതാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. 

കാറിലെത്തി, ബൈക്ക് തടഞ്ഞ് നിർത്തി, ആയുധം കാട്ടി യുവാവിനെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്

കാസർകോട് ഭാഗത്ത് നിന്നുള്ളവരാണ് പിന്നിൽ പ്രവർത്തിച്ചത്. പ്രതികൾ എത്തിയ സ്വിഫ്റ്റ് കാർ മണ്ണാർക്കാട് പൊലീസ് കണ്ടെത്തി. മറ്റൊരു വാഹനം  പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ കസ്റ്റഡിയിലുള്ളയാളെ പൊലീസ് വിശദമായി ചോദ്യംചെയ്തതോടെ, പ്രതികളെയും തിരിച്ചറിഞ്ഞു. നിയാസ് നിലവിൽ ബന്ധുക്കളുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ വിദേശ വാട്സാപ്പ് നമ്പർ വഴിയാണ് സന്ദേശക്കൈമാറ്റം. ഇതിനാൽ പ്രതികളുടെ ഒളിയിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. 

നാല് മാധ്യമങ്ങളെ വാർത്താസമ്മേളത്തിൽ പങ്കെടുപ്പിക്കാതെ ഗവർണർ, ഒടുവിൽ വിശദീകരണം

അതേ സമയം, താമരശ്ശേരിയിൽ നിന്നും ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരിയെ രണ്ട് ദിവസമായിട്ടും കണ്ടെത്താനായില്ല. വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ അലി ഉബൈറാനാണ് തട്ടിക്കൊണ്ടുപോകലിന്‍റെ സൂത്രധാരനെന്നാണ് പൊലീസിന്‍റെ നിഗമനം. 

മുക്കത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മുഹമ്മദ് അഷ്റഫിനെ ശനിയാഴ്ച രാത്രി 8.45 നാണ് താമരശേരിയില്‍ നിന്ന് രണ്ട് വാഹനങ്ങളില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യങ്ങളും ദൃക്സാക്ഷി മൊഴികളും അടിസ്ഥാനമാക്കി ഊര്‍ജ്ജിതമായി അന്വേഷണം നടത്തിയിട്ടും അഷറഫ് എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ അലി ഉബൈറാന്‍റെ നേതൃത്വത്തിലുളള സംഘമാണ് അഷ്റഫിനെ തട്ടികാണ്ടുപോയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചായിരുന്നു തട്ടിക്കൊണ്ടുപോകാനുളള വാഹനങ്ങളിലൊന്ന് വാടകയ്കക്ക് എടുത്തത്.

അലി ഉബൈറാന്‍റെ സഹോദരന്‍ അടക്കമുളളവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കണ്ടാലറിയാവുന്ന നാല് പേര്‍ക്ക് എതിരെയാണ് നിലവില്‍ കേസ് എടുത്തിട്ടുളളത്. തട്ടിക്കൊണ്ടുകാന്‍ ഉപയോഗിച്ച വാഹനങ്ങളിലൊന്നായ സുമോ കാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മറ്റൊരു വാഹനമായ സ്വിഫ്റ്റ് കാര്‍ മലപ്പുറം കോട്ടക്കലിന് സമീപം ഇന്ന് രാവിലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. താമരശേരി പൊലീസെത്തി വാഹനം സ്റ്റേഷനിലേക്ക് മാറ്റി. അലി ഉബൈറാനും അഷ്റഫിന്‍റെ ഭാര്യ സഹോദരനും തമ്മിലുളള പണം ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചതെന്നാണ് സൂചന.


 

tags
click me!