
കോഴിക്കോട്: തൊട്ടിൽപാലം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതിയായ ഝാർഖണ്ഡ് സ്വദേശിയെ ജാമ്യത്തിലെടുക്കുന്നതിനായി വ്യാജ നികുതി ശീട്ടുകള്‍ നല്കി കോടതിയെ കബളിപ്പിച്ച പ്രതികളെ കോഴിക്കോട് ടൌണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിന്‍ കീഴ് പുതുവല്‍ പുത്തന്‍ വീട്ടില്‍ സുധാകുമാര്‍, കുടപ്പാമൂട് റോഡരികത്ത് വീട്ടില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്.
2018ലാണ് കേസിന് ആസ്പദമായ സംഭവം. തൊട്ടിൽപാലം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ പ്രതിയായ ഝാർഖണ്ഡ് സ്വദേശിയായ നസറുദ്ദീന്‍ എന്നയാളെ ജാമ്യത്തില്‍ എടുക്കുന്നതിനായി കോഴിക്കോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (പോക്സോ) മുമ്പാകെ അസ്സലാണെന്ന വിധത്തിൽ വ്യാജ രേഖകള്‍ ഹാജരാക്കി ജാമ്യക്കാരായി നിന്ന് ജാമ്യം വാങ്ങിച്ചു കോടതിയെ വഞ്ചിക്കുകയായിരുന്നു. കേസിലെ പ്രതി നസറുദ്ദീന്‍ ഹാജരാകാത്തതിനെ തുടര്‍ന്നു പ്രതിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിക്കുകയും, ജാമ്യകാര്‍ക്കെതിരെ വില്ലേജ് ഓഫീസ് മുഖേന നടപടി സ്വീകരിക്കുന്നതിനുമായി വില്ലേജ് ഓഫീസുകളിലേക്ക് നോട്ടീസ് അയക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് രേഖകള്‍ വ്യാജമാണെന്ന് മനസിലായത്. തുടര്‍ന്നു നെടുമങ്ങാട് തഹസില്‍ദാര്‍ രേഖകള്‍ വ്യാജമാണെന്നുള്ള വിവരം കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു കോടതിയുടെ പരാതിയില്‍ കോഴിക്കോട് ടൌണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഒളിവില്‍ കഴിയുന്ന പ്രതികളെ തിരുവനന്തപുരത്ത് വെച്ചു പിടികൂടുകയുമായിരുന്നു.
ഇവർക്കെതിരെ വഞ്ചിയൂര്‍ കോടതിയിലും സമാനമായ കേസുണ്ട്. പ്രതികളെ വ്യാജ രേഖകള്‍ നിര്‍മിക്കാന്‍ സഹായിച്ചവരെ കുറിച്ചും, പ്രതിക്ക് ജാമ്യത്തിനായി ഹാജരായ അഭിഭാഷകര്‍ക്ക് കേസില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യത്തിലും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ടൗണ്‍ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ബൈജു കെ ജോസിന്‍റെ നേതൃതത്തില്‍ എസ്.ഐ.മാരായ ജിബിന്‍ ജെ ഫ്രെഡി, അബ്ദുള്‍ സലിം.വി.വി, സീനിയര്‍ സി.പി.ഒ. മാരായ സജേഷ് കുമാര്‍, ഉദയ കുമാര്‍, സി.പി.ഒ. അനൂജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Read Also: മലപ്പുറം, എറണാകുളത്തേക്ക് അരക്കോടിയുടെ കഞ്ചാവെത്തിച്ചു; പാലാ, തൊടുപുഴ സ്വദേശികള്‍ പിടിയില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam