
കോട്ടയം: കോട്ടയം വൈക്കം ഇരട്ടക്കൊലപാതക കേസിലെ പ്രതി നിധീഷിനെ റിമാൻഡ് ചെയ്തു. മുൻകൂട്ടി ആസൂത്രണം ചെയ്താണ് പ്രതി ഭാര്യയെയും ഭാര്യയുടെ അമ്മയെയും കൊന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം. ഗീത (58) മകൾ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്.
ദിവസങ്ങളോളം ആസൂത്രണം ചെയ്ത ശേഷമാണ് പ്രതി നിധീഷ് ഭാര്യ ശിവപ്രിയയും ഭാര്യയുടെ അമ്മ ഗീതയെയും വെട്ടിക്കൊന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ശിവപ്രിയയും നിതീഷും അകന്നാണ് കഴിയുന്നത്. ശിവപ്രിയ മനപ്പൂർവ്വം ഒഴിവാക്കുന്നു എന്ന കാരണത്താലാണ് നിതീഷ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊല്ലണമെന്ന് ഉദ്ദേശത്തോടുകൂടി തന്നെയാണ് കൊല്ലാൻ ഉപയോഗിച്ച കത്തി വാങ്ങിയതെന്നും നിതീഷ് പൊലീസിൽ മൊഴി നൽകി. സംഭവദിവസം ശിവപ്രയുടെ മറവുന്തുരുത്തിലുള്ള വീട്ടിലെത്തിയ നിതീഷ് ആദ്യം കൊന്നത് ഗീതയെയാണ്. ഇതിനുശേഷം നാല് വയസ്സുകാരിയായ മകളെ നേരെ കടവിലുള്ള സ്വന്തം വീട്ടിൽ കൊണ്ടാക്കി. അതിനുശേഷം വീണ്ടും ഭാര്യയുടെ വീട്ടിലെത്തി കാത്തിരുന്നു. ജോലി കഴിഞ്ഞു മടങ്ങിയെത്തിയ ശിവപ്രിയ വീടിനകത്തേക്ക് കയറിയപ്പോൾ തന്നെ നിതീഷ് വെട്ടിവീഴ്ത്തി.
ശിവപ്രിയയുടെ ശരീരമാകെ നിരവധി മുറിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ആന്തരിക അവയവങ്ങൾക്കും ആഴത്തിൽ മുറിവേറ്റു. രണ്ട് പേരും മരിച്ചു എന്നുറപ്പ് വരുത്തിയ ശേഷമാണ് നിതീഷ് വീട് വിട്ടിറങ്ങിയത്. തുടർന്ന് രണ്ട് പേരയും വെട്ടിക്കൊന്ന വിവരം സുഹൃത്തിനോട് പറഞ്ഞു. ഇയാളാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് അന്വേഷിച്ചെത്തും മുമ്പ് നിതീഷ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. റിമാന്റിലുള്ള നിതീഷിനെ പൊലീസ് കസ്റ്റഡിയിലാവശ്യപ്പെടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam