
കോയമ്പത്തൂര്‍: തമിഴ്നാട് കോയമ്പത്തൂരിൽ കോടതിയിൽ ഹാജരാകാനെത്തിയ പ്രതിയെ അക്രമി സംഘം വെട്ടിക്കൊന്നു. കോയമ്പത്തൂർ കീരനാട് സ്വദേശി ഗോകുൽ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പ്രതി ശരവണംപട്ടി ശിവാനന്ദപുരം സ്വദേശി മനോജിനും വെട്ടേറ്റു. കഞ്ചാവ് കേസടക്കം വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായ ഗോകുലും മനോജും കോയമ്പത്തൂർ ജില്ലാ കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ് അക്രമി സംഘം ആയുധങ്ങളുമായി ചാടിവീണത്.
കോടതിക്ക് സമീപമുള്ള ഗോപാലപുരത്തെ ചായക്കടയിൽ ഇരുവരും ചായകുടിക്കാൻ കയറിയതായിരുന്നു. മൂന്നംഗ സംഘം പട്ടാപ്പകൽ തെരുവിലിട്ട് ഇരുവരേയും വെട്ടി. കഴുത്തിന് വെട്ടേറ്റ ഗോകുൽ അപ്പോള്‍ തന്നെ മരണത്തിന് കീഴടങ്ങി. ഒപ്പമുണ്ടായിരുന്ന മനോജിന് തലയിലും കൈയിലും വെട്ടേറ്റു. ഇയാളെ ഗുരുതര നിലയിൽ കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോകുലിന്‍റെ മൃതദേഹം പൊലീസെത്തി മോർച്ചറിയിലേക്ക് മാറ്റി.
ഇരുവരേയും വെട്ടിയതിന് ശേഷം കൊലയാളി സംഘം ഒരു തിടുക്കവുമില്ലാതെ തെരുവിലൂടെ നടന്നുപോകുന്നത് സമീപത്തെ കെട്ടിടങ്ങളുടെ മുകൾ നിലയിലുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങളിൽ കാണാം. പക്ഷേ പൊലീസെത്തും മുമ്പ് പ്രതികൾ രക്ഷപ്പെട്ടു. ഇവർ ഉപേക്ഷിച്ച് പോയ ആയുധങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോയമ്പത്തൂർ മധുര അരപാളയത്ത് ഇന്നലെ രാത്രി നടന്ന കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം, ആലപ്പുഴയില്‍ വീടുകയറിയുള്ള ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് രണ്ടാം വാർഡിൽ വരണം തോട്ടുങ്കൽവെളി ഉത്തമൻ നായരുടെ മകൻ ആദിത്യൻ(22) ആണ് കൊല്ലപ്പെട്ടത്.
ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയും ലഹരിക്ക് അടിമയുമാണ് ആദിത്യനെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയോടെയാണ് ഒരുസംഘം വീട്ടിൽക്കയറി യുവാവിനെ ആക്രമിച്ചത്. ആദിത്യന്‍റെ കൈയും കാലും ഒടിയുകയും തലയ്ക്ക് ഉൾപ്പെടെ വെട്ടേൽക്കുകയും ചെയ്തിരുന്നു. ഇന്ന് പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വച്ചാണ് ആദിത്യൻ മരിച്ചത്. രണ്ട് ദിവസമായി ഇയാൾ അക്രമാസക്തനായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വീടിനടുത്ത് ഹോമിയോ ഡോക്ടറെ ക്ലിനിക്കിൽകയറി വെട്ടി പരിക്കേൽപ്പിച്ചത് ഉൾപ്പെടെ കേസുകളിൽ പ്രതിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam