
വയനാട്: സ്ത്രീത്വത്തെ അപമാനിക്കും വിധം ഫോണില്‍ സംസാരിച്ചെന്ന നടന്‍ വിനായകനെതിരായ യുവതിയുടെ പരാതിയില്‍ അന്വേഷണം പൂർത്തിയാക്കി പൊലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. നടന്‍ തെറ്റ് സമ്മതിച്ചെന്ന് കല്‍പറ്റ പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്. കേസിന്‍റെ വിചാരണ വൈകാതെ ആരംഭിക്കും.
കഴിഞ്ഞ ഏപ്രില്‍ മാസം വയനാട്ടില്‍ സംഘടിപ്പിച്ച ചടങ്ങിലേക്ക് അതിഥിയായി ക്ഷണിക്കാന്‍ ഫോണില്‍ വിളിച്ചപ്പോള്‍ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം വിനായകന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതി. പരാതിയില്‍ നടനെതിരെ കേസെടുത്ത പൊലീസ്, അശ്ലീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അധിക്ഷേപിക്കുംവിധം സംസാരിച്ചു തുടങ്ങി പരമാവധി ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് ചുമത്തിയത്.
തുടർന്ന് ജൂൺ 20ന് കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായ നടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ജാമ്യത്തില്‍വിട്ടു. നാല് മാസത്തോളം നീണ്ട അന്വേഷണം പൂർത്തിയാക്കിയാണ് അന്വേഷണസംഘം കല്‍പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുവതിയോട് താന്‍ മോശമായി സംസാരിച്ചതായി നടന്‍ സമ്മതിച്ചെന്ന് കുറ്റപത്രത്തിലുണ്ട്.
ഫോണിലൂടെയുള്ള സംഭാഷണമായതിനാല്‍ സൈബർ തെളിവുകളടക്കം ശേഖരിച്ച് സ്ഥിരീകരിച്ചതിനുശേഷമാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. അടുത്തമാസം കേസിന്‍റെ വിചാരണ ആരംഭിക്കുമെന്നാണ് സൂചന. അതേസമയം, വിചാരണ തുടങ്ങും മുന്‍പേതന്നെ അഭിഭാഷകന്‍ മുഖേന കേസ് ഒത്തുതീർപ്പാക്കാന്‍ നടന്‍ ശ്രമിക്കുന്നതായും സൂചനയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam