
തിരുവനന്തപുരം: സൈബര്‍ ചതിവലയില്‍ കുടുങ്ങി. നീതിക്കായി പൊലീസ് സ്റ്റേഷനുകളും കോടതികളും കയറി ഇറങ്ങുന്നവരുടെ എണ്ണം നാള്‍ക്ക് നാള്‍ വര്‍ധിക്കുകയാണ്. സ്ത്രീകളും യുവാക്കളുമെല്ലാം അതില്‍ ഉള്‍പ്പെടും. സൈബര്‍ കുറ്റകൃത്യങ്ങളില്‍ കേസെടുക്കാന്‍ പോലും മടിക്കുകയാണ് പൊലീസ്. അന്വേഷണം തുടങ്ങിയ കേസുകളാകട്ടെ എങ്ങുമെത്താതെ നില്‍ക്കുന്നു. സൈബറിടങ്ങള്‍ കുറ്റകൃത്യങ്ങളുടെയും കൊടും ക്രിമിനലുകളുടെയും വിഹാരകേന്ദ്രമായി മാറുകയാണ? ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ ദുരിതം അനുഭവിക്കുന്നരുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാൻ സാധിച്ചത്.
പരമ്പരയുടെ ആദ്യ ഭാഗത്തിൽ വര്‍ഷങ്ങളായി സൈബറിടത്തിൽ വേട്ടയാടപ്പെടുന്ന പ്രമുഖ നടിയുടെ അനുഭവമാണ് പങ്കുവയ്ക്കുന്നത്. അഞ്ച് വര്‍ഷമായി സൈബര്‍ ഇടത്തില്‍ വേട്ടയാടപ്പെടുകയാണ് നടി പ്രവീണയും കുടുംബവും. തന്‍റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരുതവണ പിടികൂടി ജാമ്യത്തില്‍ വിട്ടയച്ചതോടെ കുറ്റകൃത്യം ആവർത്തിക്കുകയാണെന്നും തന്റെ മകളുടേതടക്കം ചിത്രങ്ങൾ അശ്ലീലമായി പ്രചരിപ്പിക്കുകയാണെന്നും പ്രവീണ നിരാശയോടെ പറയുന്നു.
തന്നെയും കുടുംബത്തെയും അഞ്ചുവര്‍ഷത്തോളമായി വേട്ടയാടുന്ന ഒരു സാഡിസ്റ്റിനെ കുറിച്ചാണ് പ്രവീണ വിവരിക്കുന്നത്. 'എന്റെയും എന്റെ വീട്ടുകാരുടെയും മോർഫ് ചെയ്ത ഫോട്ടോകൾ, എന്റെ തലയും താഴേക്ക് വികൃതരൂപമായി, വൃത്തികെട്ട രീതിയിൽ എന്ന് തന്നെ പറയാം. വസ്ത്രമില്ലാതെ നിൽക്കുന്നവരുടെ ഫോട്ടോ എടുത്ത് അതിൽ എന്റെ ഫോട്ടോസ് വച്ച് പ്രചരിപ്പിക്കുകയാണ്. അവനത് കണ്ട് ആസ്വദിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുകയാണ്", എന്ന് പ്രവീണ പറയുന്നു.
ഇതാണ് കക്ഷി പേര് ഭാഗ്യരാജ്, തമിഴ്നാട് സ്വദേശി ദില്ലിയില്‍ സ്ഥിരതാമസക്കാരനാണ്. പ്രായം 24. കിട്ടാവുന്നിടത്തുനിന്നെല്ലാം പ്രവീണയുടെ ചിത്രങ്ങള്‍ ശേഖരിച്ച് അശ്ലീലമാക്കി പ്രചരിപ്പിക്കുക എന്നതാണ് ഇയാളുടെ ഹോബി. ഒരു തവണ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിട്ടതാണ്. ജാമ്യത്തിറങ്ങി അതേ പ്രവര്‍ത്തി പൂര്‍വാധികം ശക്തിയോടെ വീണ്ടും തുടങ്ങി, പ്രവീണയുടെ മകളുടെ ചിത്രം പോലും ദുരുപയോഗം ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞിട്ടു പോലും വീണ്ടും ഇത്തരം പ്രവൃത്തികൾ ആവര്‍ത്തിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ബാക്കിയാകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam