ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവും ഒബിസി മോർച്ച സെക്രട്ടറിയുമായിരുന്ന രഞ്ജിത് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. രഞ്ജിത് ശ്രീനിവാസന്‍റെ വീട്ടിലേക്ക് അക്രമിസംഘം ബൈക്കുകളിലായി ഹെൽമറ്റ് ധരിച്ച് പോകുന്നതും തിരികെ വരുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് കിട്ടിയത്.
ദൃശ്യങ്ങളിൽ ആറ് ബൈക്കുകളിലായി 12 പേരുണ്ട്. അക്രമികളിൽ പലരും തലയിൽ ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. മാസ്ക് വച്ചിട്ടുണ്ട്. പുറമേ ചിലരെല്ലാം മുഖത്ത് തുണി കൊണ്ട് കെട്ടിയിട്ടുമുണ്ട്. ചിലർ തൊപ്പി വച്ചിട്ടുമുണ്ട്. കൃത്യമായി തിരിച്ചറിയാൻ പറ്റാത്ത വിധം ആസൂത്രണത്തോടെയാണ് അക്രമിസംഘം വന്നതും പോയതും.
കൃത്യം രാവിലെ 6.59-നാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന്‍റെ ഇരുന്നൂറ്റമ്പത് മീറ്റർ മാത്രം അകലെയാണ് ഈ പ്രദേശം എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന കാര്യം. കൊത്തുവാ ചാവടിപ്പാലം കടന്ന് വരുന്ന പ്രദേശമാണിത്. രഞ്ജിത് ശ്രീനിവാസനെ വീട്ടുകാരുടെ മുന്നിലിട്ടാണ് വെട്ടിക്കൊന്നത്.
ഇവർ കടന്ന് പോയ സമയത്ത് പ്രഭാതസവാരിക്ക് ഇറങ്ങിയ ചിലർ റോഡിലുണ്ടായിരുന്നു. അതിൽ മുൻ കൗൺസിലർ അടക്കമുള്ളവരുണ്ട്. ഒരു സംഘം തുടരെത്തുടരെ പോകുന്നത് കണ്ടപ്പോൾ അസ്വാഭാവികത ഉണ്ടായിരുന്നുവെന്നും, പക്ഷേ, തൊട്ടടുത്താണ് മുൻസിപ്പൽ സ്റ്റേഡിയം എന്നതിനാൽ അവിടെ കളിക്കാൻ രാവിലെ പോകുന്ന കുട്ടികളാരെങ്കിലും ആയിരിക്കുമെന്നാണ് കരുതിയതെന്നും അവർ പറഞ്ഞതായി ആലപ്പുഴ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് ശേഷമാണ് രഞ്ജിത്തിന്‍റെ വീട്ടിൽ നിന്ന് നിലവിളി ശബ്ദം കേൾക്കുന്നത്. തൊട്ടടുത്തുള്ളവരും ഇവരുമെല്ലാം ഓടിക്കൂടിയ ശേഷമാണ് ഇങ്ങനെയൊരു അക്രമത്തിനാണ് ഇവർ വന്നതെന്ന് വ്യക്തമാകുന്നത്.
രഞ്ജിത്തിന്‍റെ അമ്മയുടെ മുന്നിൽ വച്ചാണ് മകനെ വെട്ടിക്കൊന്നത്. അവർ ദൃക്സാക്ഷിയാണ്. അവർ പൊലീസിന് നൽകിയ വിവരം എട്ട് പേരെങ്കിലുമുള്ള സംഘമാണ് ആക്രമിച്ചതെന്നാണ്.
ഈ സിസിടിവി ദൃശ്യങ്ങൾ നിർണായകമാണെന്നും വാഹനത്തിന്‍റെ വിവരങ്ങളടക്കമുള്ളവ ഇതിന്‍റെ അടിസ്ഥാനത്തിൽ ശേഖരിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇന്നലെ എസ്ഡിപിഐ പ്രവർത്തകൻ ഷാനിന്‍റെ കൊലപാതകം നടന്നപ്പോഴും ഇത്തരത്തിൽ സിസിടിവി ദൃശ്യങ്ങൾ കിട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അക്രമികളെത്തിയ വാഹനം തിരിച്ചറിഞ്ഞത്. റെന്‍റ് എ കാറിലാണ് അക്രമികൾ എത്തിയത്.
പൊലീസിന് വീഴ്ചയില്ല: ഐജി
രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 പേർ കസ്റ്റഡിയിലുണ്ടെന്ന് ഐജി ഹർഷിത അട്ടല്ലൂരി മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ ആർഎസ്എസ് പ്രവർത്തകരും, എസ്ഡിപിഐ പ്രവർത്തകരുമുണ്ട്. സംഭവത്തിൽ അറസ്റ്റ് ഉടൻ ഉണ്ടാകും. ഇനി അക്രമം ഉണ്ടായാൽ കർശനനടപടി ഉണ്ടാകുമെന്നും, പൊലീസിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയാണ് പൊലീസ് പുലർത്തുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും, ബാക്കി കാര്യങ്ങൾ പിന്നീട് അറിയിക്കാമെന്നും അവർ പറഞ്ഞു.
രണ്ട് കൊലപാതകങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്. പ്രത്യേകസംഘം അന്വേഷണം ഏറ്റെടുത്ത് കഴിഞ്ഞു. ക്രമസമാധാനച്ചുമതല നോക്കുന്നത് മറ്റൊരു സംഘമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam