ഡ്രൈവറെ കൊന്ന ശേഷം കാർ തട്ടിയെടുത്ത കേസ്; രണ്ട് പ്രതികൾക്ക് ഇരട്ടജീവപര്യന്തം

By Web TeamFirst Published Oct 7, 2020, 5:19 PM IST
Highlights

കൊലയ്ക്ക് നേരിട്ട് ദൃക്സാക്ഷികൾ ഇല്ലാത്ത കേസായിരുന്നു. ഡിഎൻഎ പരിശോധനഫലമാണ് കുറ്റം തെളിയിക്കുന്നതിൽ നിർണായകമായത്.

തൃശൂർ: കാർ ഓട്ടം വിളിച്ച് ഡ്രൈവറെ കൊന്ന ശേഷം വണ്ടി തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികൾക്ക് ഇരട്ടജീവപര്യന്തവും കഠിനതടവും. കൂടാതെ 17 വര്‍ഷം തടവും 3 ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. തൃശൂർ പട്ടിക്കാട് താണിപ്പാടം സ്വദേശി അനൂപിന്റെ കൊലയാളികളെയാണ് കുറ്റക്കാരെന്ന കണ്ടെത്തി തൃശൂര്‍ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ  വിധിച്ചത്.

2011 നവംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്വന്തം വീടിന്റെ ആധാരം പണയപ്പെടുത്തി വാങ്ങിയ കാർ കൊച്ചിയിൽ വാടകയ്ക്ക് ഓടിച്ചായിരുന്നു ഇരുപത്തിയഞ്ചുകാരനായ അനൂപ് ജീവിച്ചിരുന്നത്. തൃശൂർ  പട്ടിക്കാട് താണിപ്പാടം ചിറ്റേത്ത് അബ്രഹാം, മേരി ദമ്പതികളുടെ മകനായിരുന്നു.  മലപ്പുറം സ്വദേശി നൗഫലും തിരുവനന്തപുരം കാഞ്ഞിരക്കുളം സ്വദേശി ബിജുവും അനൂപിന്റെ കാർ കൊച്ചിയിൽ നിന്ന് വടകരയിലേക്ക് ഓട്ടം വിളിച്ചു. വണ്ടി തൃശൂർ പുതുക്കാട് എത്തിയപ്പോൾ കഴുത്തിൽ തോർത്തുമുണ്ട് ഉപയോഗിച്ച് കുരുക്കിട്ട് മുറുക്കി. ദേഹമാസകലം കുത്തിപരുക്കേൽപിച്ചു. ദേഹത്ത് ഇരുപത്തിയേഴ് മുറിവുകളായിരുന്നു. മൃതദേഹം കുതിരാൻ ഇരുമ്പുപാലത്തിന് സമീപമുള്ള കാട്ടിൽ തള്ളി കൊലയാളികൾ കാറുമായി മുങ്ങി. 

മഞ്ചേരിയിൽ കാർ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. അനൂപിന്റെ സ്വർണമാല പ്രതിയുടെ കഴുത്തിലുണ്ടായിരുന്നു. കൊലയ്ക്ക് നേരിട്ട് ദൃക്സാക്ഷികൾ ഇല്ലാത്ത കേസായിരുന്നു. അനൂപിന്റെ രക്തം കൊലയാളികളുടെ വസ്ത്രത്തിലുണ്ടായിരുന്നു. ഡിഎൻഎ പരിശോധനഫലമാണ് തെളിയിക്കുന്നതിൽ നിർണായകമായതെന്ന് പ്രോസിക്യൂട്ടർ പി സുനിൽ പറഞ്ഞു. കൊലയാളികളായ ബിജുവും നൗഫലും വാഹനമോഷണക്കേസിലും കഞ്ചാവ് കേസിലും പ്രതികളായിരുന്നു.

click me!