
ദില്ലി: ഒരാളെ കൊലപ്പെടുത്തുകയും നാലുപേരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം മൂന്നു പേരെ പൊലീസ് പിടികൂടി. തെക്കുകിഴക്കൻ ദില്ലിയിലാണ് സംഭവം. ഒരു പെൺകുട്ടിയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ജാമിയ നഗർ സ്വദേശിയായ തബീഷ് ആണ് പിടിയിലായ മൂന്നാമത്തെയാൾ. 22 വയസ്സുകാരനായ തബീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസിന്റെ പിടിയിലായ 16കാരന്റെ മുൻ പെൺസുഹൃത്തിനെച്ചൊല്ലിയുള്ള വിഷയമാണ് പ്രശ്നങ്ങൾക്ക് കാരണം. 16കാരനുമായി പിരിഞ്ഞ പെൺകുട്ടി പിന്നീട് അദീബ് എന്നയാളുമായി പ്രണയത്തിലായി. എന്നാൽ, ഈ പയ്യൻ അദീബിനെ ഇതേച്ചൊല്ലി ഭീഷണിപ്പെടുത്തി. ഇക്കാര്യം ഒത്തുതീർപ്പാക്കാനായി അദീബ് സുഹൃത്തുക്കളായ അഫ്സൽ, മുഹമ്മദ് ഷാൻ, ശ്യാം, സഫർ എന്നിവരുമായി അവനെ കാണാൻ പോയി. അവിടെ അവനൊപ്പം തബീഷും മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു.
ഇരുകൂട്ടരും തമ്മിൽ വാക്തർക്കമുണ്ടാകുകയും പ്രകോപിതനായ തബീഷ് കത്തിയെടുത്ത് അദീബിനെയും സുഹൃത്തുക്കളെയും കുത്തുകയുമായിരുന്നു. എല്ലാവരുടെയും പരിക്ക് ഗുരുതരമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ശ്യാമിന്റെ ജീവൻ രക്ഷിക്കാനായില്ല. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തെരച്ചിലിൽ ഉത്തർപ്രദേശിൽ നിന്ന് തബീഷിനെയും പ്രായപൂർത്തിയാകാത്ത പ്രതികളെയും പിടികൂടിയത്. കൃത്യം നടത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
Read Also: സൈബർ ആക്രമണത്തെ തുടർന്ന് ആത്മഹത്യ: മുൻ സുഹൃത്തിനായി അന്വേഷണം ഊർജിതം, ആതിരയുടെ സംസ്കാരം ഇന്ന്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam