അറസ്റ്റിലാകുമ്പോഴും കൈയ്യിൽ ലഹരി; അർഷാദും അശ്വന്തും പിടിയിലായത് കഞ്ചാവും എംഡിഎംഎയുമായി

By Web TeamFirst Published Aug 17, 2022, 6:28 PM IST
Highlights

പ്രതികളെ കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. അർഷാദിനെ വിട്ടുകിട്ടാൻ കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം ഇന്ന് തന്നെ അപേക്ഷ നൽകും

കാസർകോട്: കൊച്ചി ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ നടന്ന കൊലപാതക കേസിൽ അറസ്റ്റിലായ പ്രതികളുടെ പക്കൽ ഉണ്ടായത് കഞ്ചാവും എംഡിഎംഎയും. അറസ്റ്റിലാകുന്ന സമയത്ത് അർഷാദ്, സുഹൃത്ത് അശ്വന്ത് എന്നീ പ്രതികളുടെ പക്കൽ ഒരു കിലോഗ്രാം കഞ്ചാവും അഞ്ച് ഗ്രാം എംഡിഎംഎയുമാണ് ഉണ്ടായത്.

പ്രതികളെ കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. അർഷാദിനെ വിട്ടുകിട്ടാൻ കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം ഇന്ന് തന്നെ അപേക്ഷ നൽകും. സജീവ് കൃഷ്ണയുടെ കൊലപാതകം കണ്ടെത്തിയതിന് പിറകെ കർണ്ണാടകയിലേക്ക് കടക്കാൻ മഞ്ചേശ്വരം റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അർഷാദ് പിടിയിലായത്. കച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കടത്തി കൊണ്ടുപോയ സ്കൂട്ടറിൽ സുഹൃത്ത് അശ്വന്തിനൊപ്പമാണ് റെയിൽവെ സ്റ്റേഷനിലെത്തിയത്.  പോലീസിനെ കണ്ടതോടെ ഇരുവരും രക്ഷപ്പെടാൻ  ശ്രമിച്ചു. പൊലീസ് ഇരുവരെയും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഈ സമയം ബാഗിൽ 1 കിലോ ക‌ഞ്ചാവും 5 ഗ്രാം എംഡിഎംഎയും ഉണ്ടായിരുന്നു. പ്രാഥമികമായ ചോദ്യം ചെയ്യലിൽ താനാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.

ലഹരി വിൽപ്പനക്കാരനായ അർഷാദ്  കൊണ്ടോട്ടിയിലെ ഒരു ജ്വല്ലറി മോഷണി കേസിൽ ഒളിവിൽ കഴിയുകയായിരുന്നു. ഗോവയിൽ നിന്ന് ഏതാനും ആഴ്ചകൾക്ക് മുൻപ് കൊച്ചിയിലെത്തിയ അർഷാദ്  സുഹൃത്തിന്‍റെ സാഹയത്തോടെയാണ് കൊല്ലപ്പെട്ട സജീവ് കൃഷ്ണയുടെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസം ശരിയാക്കുന്നത്. സജീവും ലഹരി ഉപയോഗിച്ചിരുന്നു. പലരും ലഹരി ഇടപാടിനായി ഫ്ലാറ്റിൽ എത്തിയിരുന്നു. 

കൊലപാതകത്തിലേക്ക് നയിച്ച  പെട്ടെന്നുള്ള പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ല. മഞ്ചേശ്വരത്ത് നിന്ന് അർഷാദിനൊപ്പം പിടിയിലായ അശ്വന്ത് ഒളിവിൽ പോകാനുള്ള സഹായം മാത്രമാണ് ചെയ്തിട്ടുള്ളത്. ലഹരി കേസിൽ കാസർകോട് കോടതിയിൽ നടപടികൾ പൂർത്തിയാക്കിയാണ് കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുക. കൊല്ലപ്പെട്ട സജീവിന്‍റെ മൃത്തഹേം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് നൽകി. തലയിലും കഴുത്തിലുമായി 20 ലേറെ മുറിവ് ശരീരത്തിലുണ്ടെന്നാണ് റിപ്പോർട്ട്.
 

click me!