പട്ടാപ്പകൽ നടന്ന അരുമ്പാക്കത്തെ ഫെഡ് ബാങ്ക് കൊള്ള: മൂന്നുപേർ അറസ്റ്റിൽ

By Web TeamFirst Published Aug 15, 2022, 12:43 AM IST
Highlights

അരുമ്പാക്കത്തെ ഫെഡ് ബാങ്ക് കൊള്ള കേസിൽ മൂന്നു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. 

ചെന്നൈ: അരുമ്പാക്കത്തെ ഫെഡ് ബാങ്ക് കൊള്ള കേസിൽ മൂന്നു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തു. കൊള്ളയുടെ മുഖ്യസൂത്രധാരൻ, മുരുകന്റെ സഹായികളായ ബാലാജി, ശക്തിവേൽ,സന്തോഷ് എന്നിവരാണ് പിടിയിലായത്. ചെന്നൈയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഫെഡ് ബാങ്ക് ജീവനക്കാരൻകൂടിയായ  മുരുകനും സുഹൃത്ത് സൂര്യയും ഒളിവിലാണ്. 

മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയഅന്വേഷണത്തിൽ ഇവർ രണ്ടുപേരും തിരുവള്ളൂർ ജില്ലയിലുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. രണ്ടുപൊലിസ് സംഘങ്ങൾ തിരുവള്ളൂർ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. പിടികൂടിയ മൂന്നു പേരിൽനിന്നായി 15 കിലോ സ്വർണം കണ്ടെടുത്തു. 32 കിലോ സ്വർണമാണ് ബാങ്കിൽ നിന്നും കൊള്ളയടിച്ചത്.

ചെന്നൈ നഗരഹൃദയത്തിൽ അണ്ണാ നഗറിനടുത്ത് അമ്പാക്കത്താണ് വൻ പകൽക്കൊള്ള നടന്നത്. ഉച്ചതിരിഞ്ഞ് രണ്ടരയോടെ ഇരുചക്രവാഹനത്തിൽ എത്തിയ കൊള്ളസംഘം സെക്യൂരിറ്റി ജീവനക്കാരന് ശീതളപാനീയം നൽകി മയക്കിക്കിടത്തിയ ശേഷം മുഖംമൂടി ധരിച്ച് ബാങ്കിൽ കടന്നു. കവർച്ചാ സംഘത്തിൽ ഒരാൾ ബാങ്കിലെ കരാർ ജീവനക്കാരനായ മുരുകനാണെന്ന് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.

മാനേജരേയും ബാങ്കിലുണ്ടായിരുന്ന മറ്റ് ആറ് ജീവനക്കാരേയും കത്തി കാട്ടി ഭയപ്പെടുത്തി കെട്ടിയിട്ടായിരുന്നു ബാങ്ക് കൊള്ളയടിച്ചത്. സ്വർണപ്പണയമടക്കം പണമിടപാടുകൾ നടത്തുന്ന നടത്തുന്ന ഫെഡറൽ ബാങ്കിന്‍റെ ഉപ സ്ഥാപനമാണ് ഫെഡ് ബാങ്ക്. പണയസ്വർണം സൂക്ഷിക്കുന്ന സേഫ് ലോക്കറുകളെപ്പറ്റി അറിവുണ്ടായിരുന്ന ജീവനക്കാരന്‍റെ സഹായത്തോടെ  20 കോടി രൂപയുടെയെങ്കിലും കവർച്ച നടന്നിട്ടുണ്ടെന്നാണ് നിഗമനം. 

Read more:  സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ പാലക്കാട് സിപിഎം പ്രവർത്തകന്‍റെ കൊലപാതകം; ഹർത്താൽ പ്രഖ്യാപിച്ച് സിപിഎം

ഫോറൻസിക് വിദഗ്ധരെത്തി വിരലടയാളവും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. അണ്ണാ നഗർ ഡിസിയുടെ നേതൃത്വത്തിൽ നാല് സംഘങ്ങൾ രൂപീകരിച്ച് പ്രതികൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. നഗരത്തിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചാണ് ധ്രുതഗതിയിൽ അന്വേഷണം പുരോഗമിക്കുന്നത്.

Read more: പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; പിന്നിൽ ആര്‍എസ്എസെന്ന് സിപിഎം

click me!