കുഞ്ഞിനെ മര്‍ദ്ദിച്ച അരുണ്‍ കാറില്‍ സൂക്ഷിച്ചത് മദ്യക്കുപ്പി മുതല്‍ കൈക്കോടാലി വരെ; സംഭവിച്ചതിനേക്കുറിച്ച് ഓര്‍മയില്ലെന്ന് മൊഴി

By Web TeamFirst Published Mar 29, 2019, 8:50 PM IST
Highlights

കുട്ടിയുടെ നേരെ ക്രൂരമര്‍ദ്ദനം നടന്ന ദിവസത്തെ കാര്യങ്ങളെ കുറിച്ച് ഓര്‍മയില്ലെന്നാണ് അരുണ്‍ പൊലീസിനോട് പ്രതികരിക്കുന്നത്. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു

തൊടുപുഴ: തൊടുപുഴയിൽ പിഞ്ചു കുഞ്ഞിനെ ക്രൂരമായ മർദ്ദിച്ച കേസിലെ അരുണ്‍ ആനന്ദിന്റെ വാഹനത്തില്‍ സൂക്ഷിച്ചത് മദ്യക്കുപ്പി മുതല്‍ കൈക്കോടാലി വരെ. ക്രൂരമര്‍ദ്ദനത്തിന് ഇരയായ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോവാന്‍ കുട്ടിയ്ക്കൊപ്പം പോകാന്‍ ഇയാള്‍ വിസമ്മതിച്ചിരുന്നു. പിന്നീട് തന്റെ വാഹനത്തില്‍ പോകാമെന്നായിരുന്നു ഇയാളുടെ പ്രതികരണം. 

പൊലീസ് ഈ നിര്‍ദേശം തള്ളിക്കളഞ്ഞ ശേഷം ഇയാളുടെ വാഹനം പരിശോധിച്ചത്. കുട്ടിയ്ക്ക് നേരെ നടന്ന മര്‍ദ്ദനത്തിന്റെ സൂചനകള്‍ നല്‍കുന്നതായിരുന്നു കാറിലെ കാഴ്ചകള്‍.  ഗ്ലാസ് തകര്‍ക്കാന്‍ ഉപയോഗിക്കാന്‍ രീതിയിലുള്ള കൈക്കോടാലിയുമടക്കം വാഹനത്തില്‍ അരുണ്‍ സൂക്ഷിച്ചിരുന്നു.  

കുട്ടിയുടെ നേരെ ക്രൂരമര്‍ദ്ദനം നടന്ന ദിവസത്തെ കാര്യങ്ങളെ കുറിച്ച് ഓര്‍മയില്ലെന്നാണ് അരുണ്‍ പൊലീസിനോട് പ്രതികരിക്കുന്നത്. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നതായാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ നേരെ നടന്ന ക്രൂരമര്‍ദ്ദനം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണോയെന്നും പൊലീസിന് സംശയമുണ്ട്.

കാറില്‍ വച്ച് കുഞ്ഞിനെ വെട്ടിനുറുക്കാനുള്ള പദ്ധതിയിലേക്കും സൂചനകളുണ്ട്. കുട്ടിയുടെ മാതാവും എന്‍ജിനിയറിംഗ് ബിരുദധാരിയുമായ യുവതിയുടെ ആദ്യഭര്‍ത്താവിന്റെ വര്‍ക്ക് ഷോപ്പ് നടത്തുന്നത് പ്രതിയാണ്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത്. ഭര്‍ത്താവിന്റെ മരണശേഷമാണ് ഭര്‍ത്താവിന്റെ ബന്ധു കൂടിയായ അരുണിനൊപ്പം  യുവതി താമസം തുടങ്ങിയത്. 

കുട്ടികളെ ഇയാള്‍ ഇതിന് മുന്‍പും ഉപദ്രവിച്ചിരുന്നതായാണ് യുവതിയും ഇളയ കുട്ടിയും നല്‍കിയിരിക്കുന്ന മൊഴി. കുട്ടികള്‍ക്ക് നേരെ മര്‍ദ്ദനം ഇതിന് മുന്‍പും ഉണ്ടായിട്ടും പരാതിപ്പെടാതിരുന്ന യുവതിയും സംഭവത്തില്‍ സംശയത്തിന്റെ നിഴലിലാണ്. സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തില്‍ നിന്നുള്ള അരുണും യുവതിയും ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നത്. 

സിവിൽ എന്‍ജിനിയറിംഗ് ബിരുദധാരിയായ അരുണ്‍ ആനന്ദ് നിരവധി കേസുകളില്‍ പ്രതിയാണ്. ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ആദ്യം പ്രതിയായത്. 2007മ്യൂസിയം പൊലീസാണ് നന്ദൻകോട് സ്വദേശിയായ അരുണ്‍ ആനന്ദിനെ ആദ്യം പ്രതിയാക്കിയത്. മദ്യപാന സദസ്സിനിടെ സുഹൃത്തിന്റെ തലയിൽ ബിയർ കുപ്പികൊണ്ട് അടിച്ചു കൊന്ന കേസിൽ അരുണും മറ്റ് ആറുപേരും പ്രതിചേർക്കപ്പെട്ടു. ഈ കേസിൽ കുറച്ചുനാള്‍ ജയിൽ കഴിഞ്ഞിരുന്നു. 

ആറാം പ്രതിയായിരുന്ന അരുണിനെ തെളിവുകളുടെ അഭാവത്തിൽ വിചാരണക്കോടതി വെറുതെ വിട്ടു. അടിപിടി, ഭീഷണിപ്പെടുത്തൽ എന്നീ പരാതികളിൽ ഫോ‍ർട്ട്, വലിയ തുറ എന്നീ സ്റ്റേഷനുകളിലായി നാലുപരാതികള്‍ വേറെയുമുണ്ട്. ഈ കേസുകളിലൊന്നും വിചാരണ ഇതുവരെ പൂർത്തിയായിട്ടില്ല. നിർമ്മാണ മേഖലയിലേക്ക് കടന്ന അരുണ്‍ ഒരു വർഷം മുമ്പ് തലസ്ഥാനം വിട്ടുവെന്നാണ് പൊലീസ് പറയുന്നത്. ക്രിമിനൽ പട്ടികയിലുള്ളവരുടെ പരിശോധന നടത്തിയപ്പോഴൊന്നും അരുണ്‍ നഗരത്തിലുണ്ടായിരുന്നില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

click me!