Sameer Wangade : അശ്രദ്ധമായ അന്വേഷണം; ആര്യൻ ഖാൻ കേസ് അന്വേഷിച്ചിരുന്ന സമീർ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം

Published : May 30, 2022, 10:57 PM ISTUpdated : May 30, 2022, 11:22 PM IST
Sameer Wangade : അശ്രദ്ധമായ അന്വേഷണം; ആര്യൻ ഖാൻ കേസ് അന്വേഷിച്ചിരുന്ന സമീർ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം

Synopsis

ചെന്നൈയിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ടാക്സ് പെയർ സർവീസസിലേക്കാണ് സ്ഥലംമാറ്റം. വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന്റേയും ലഹരിമരുന്ന് കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പശ്ചാത്തലത്തിലുമാണ് നടപടി.

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ (Aryan Khan) ഉള്‍പ്പെട്ട മുംബൈ ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസ് (Drug Party Case) അന്വേഷിച്ചിരുന്ന മുന്‍ എന്‍സിബി ഉദ്യോഗസ്ഥന്‍ സമീർ വാങ്കഡെയ്ക്ക് സ്ഥലംമാറ്റം. ചെന്നൈയിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ടാക്സ് പെയർ സർവീസസിലേക്കാണ് സ്ഥലംമാറ്റം. വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന്റേയും ലഹരിമരുന്ന് കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പശ്ചാത്തലത്തിലുമാണ് നടപടി.

ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറ് പേരെ എന്‍സിബി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമീര്‍ വാങ്കഡെയ്‌ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്തത്. ആര്യന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ വിവാദങ്ങളെ തുടര്‍ന്ന് വാങ്കഡെയെ ആര്യന്‍ ഖാന്‍ കേസ് ഉള്‍പ്പെടെ 6 ലഹരിക്കേസുകളുടെ അന്വേഷണച്ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. ദലിത് വിഭാഗക്കാരാണെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് വാങ്കഡെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചതെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചിരുന്നു.

ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. മുംബൈ തീരത്ത് കോ‍ർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ ലഹരിപ്പാര്‍ട്ടി നടക്കവേ ആയിരുന്നു അറസ്റ്റ്. തുടര്‍ന്ന് മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റിയ ആര്യൻ ഖാന് ഒക്ടോബര്‍ 28നാണ് ബോംബെ ഹൈക്കോടതി  ജാമ്യം അനുവദിച്ചിരുന്നു. നടി ജൂഹി ചൗള ആര്യന് ആൾ ജാമ്യം നിന്നത്. രാജ്യം വിട്ടു പോകരുത്, പാസ്പോർട്ട് കോടതിയിൽ കെട്ടിവെക്കണം, വെള്ളിയാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം തുടങ്ങിയ 14 ഉപാധികളോടെയാണ് ബോംബെ ഹൈക്കോടതി ആര്യൻ അടക്കമുള്ള മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. 

Also Read: കാര്യമായ തെളിവുകൾ കണ്ടെത്താനായില്ല; ആര്യന്‍ ഖാനെതിരായ കേസില്‍ കുറ്റസമ്മതം നടത്തി എന്‍സിബി

എന്നാല്‍, പ്രൈവറ്റ് ഡിക്ടറ്റീവ് കിരൺ ഗോസാവിയുടെ അംഗരക്ഷകനായി പ്രഭാകർ സെയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പിന്നീട് നടത്തിയത്. ആര്യൻ ഖാനെ കുടുക്കിയതാണ്. ഷാരൂഖ് ഖാനിൽ നിന്നും 25 കോടി ഭീഷണിപ്പെടുത്തി തട്ടിയെടുക്കാനായിരുന്നു ശ്രമം. സമീർ വാംഗഡെയും കിരൺ ഗോസാവിയുമെല്ലാം ചേർന്ന് ഒരു സംഘമാണ്. ഷാരൂഖിന്‍റെ മാനേജർ പൂജാ ദാദ്‍ലാനിയുമായി അറസ്റ്റിനി പിന്നാലെ ചർച്ച നടത്തിയിട്ടുണ്ട്. പ്രഭാകർ സെയിലിന്‍റെ വെളിപ്പെടുത്തലിനൊപ്പം കിരൺ ഗോസാവി മുങ്ങി. പിന്നീട് പൂനെ പൊലീസാണ് തട്ടിപ്പ് കേസിൽ പിടികൂടിയത്. പ്രഭാകർ സെയിലിൽ ഒന്നും അവസാനിച്ചില്ല. ആരോപണങ്ങളുമായി കൂടുതൽ സാക്ഷികളെത്തി. ആരും റെയ്ഡ് നേരിട്ട് കണ്ടിട്ടില്ല. നിർബന്ധിച്ച് രേഖകളിലൊപ്പിടീച്ച് സാക്ഷികളാക്കിയത് എന്നായിരുന്നു വെളിപ്പെടുത്തല്‍. 

Also Read: നായകനിൽ നിന്ന് വില്ലനിലേക്കോ? സമീർ വാംഗഡെയുടെ ഭാവിയെന്ത്?

സാക്ഷികളുടെ വെളിപ്പെടുത്തലോടെ സമീർ വാംഗഡെ പ്രതിരോധത്തിലായി. ആരോപണങ്ങൾ അന്വേഷിക്കാനായി എൻസിബി വിജിലൻസ് സംഘത്തെ അയച്ചു. ആര്യനടക്കം പ്രതികൾക്ക് 26 ദിവസങ്ങൾക്ക് ശേഷം ജാമ്യം കിട്ടി. ആരോപണങ്ങൾക്കപ്പുറം ശക്തമായ തെളിവുകളൊന്നും എൻസിബിയുടെ പക്കലില്ലായിരുന്നു. മഹാരാഷ്ട്രാ പൊലീസും സാക്ഷികളുടെ വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിച്ചു. കാര്യങ്ങൾ ഈ വിധം കുഴഞ്ഞ് മറിയുന്നതിനിടെ എൻസിബി സമീർ വാംഗഡെയെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റി. പുതിയ സംഘം അന്വേഷണം ഏറ്റെടുത്തു. 

എൻസിപി മന്ത്രി നവാബ് മാലിക്കും സമീർ വാംഗഡെയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. സിവിൽ സർവീസ് പരീക്ഷയിൽ സമീ‍ർ സംവരണം നേടിയത് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണെന്നായിരുന്നു ആരോപണം. മുസ്ലീം ആയി ജീവിക്കുന്ന സമീർ എസ് സി സർട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയതാണ്. ഇത് തെളിയിക്കാൻ ചില രേഖകളും അദ്ദേഹം പുറത്ത് വിട്ടു. സമീറിന്‍റെ അച്ഛൻ ഹിന്ദുവാണെങ്കിലും അമ്മ മുസ്ലീം സമുദായത്തിൽ നിന്നാണ്. സമീർ വിവാഹം കഴിച്ചതടക്കം മുംസ്ലീം ആചാര പ്രകാരമാണ്. സ്കൂൾ രേഖകളിലും മുസ്ലീം എന്ന് രേഖപ്പെടുത്തിയിട്ടും എസ്സി സംവരണം നേടിയെടുത്തെന്നാണ് ആരോപണം.

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം