സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്; ഇരയായത് ഡോക്ടര്‍, പണം നഷ്ടപ്പെട്ടത് പത്തു തവണകളായി

By Web TeamFirst Published Dec 3, 2019, 10:51 AM IST
Highlights

ഇന്നലെയാണ് കൊച്ചിയിലെ രണ്ട് ബാങ്കുകളുടെ എടിഎം വഴി പണം പിന്‍വലിച്ച് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 15 മിനിറ്റിന്‍റെ ഇടവേളകളില്‍ 10 തവണയായി പണം പിന്‍വലിക്കുകയായിരുന്നു.
 

കൊച്ചി: സുരക്ഷാ സംവിധാനങ്ങളെ വര്‍ധിപ്പിച്ചിട്ടും സംസ്ഥാനത്തു വീണ്ടും എടിഎം തട്ടിപ്പ്. കൊച്ചിയിലാണ് തട്ടിപ്പ് നടന്നത്. ഒരു ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടമായി.ഇന്നലെയാണ് കൊച്ചിയിലെ രണ്ട് ബാങ്കുകളുടെ എടിഎം വഴി പണം പിന്‍വലിച്ച് തട്ടിപ്പ് നടത്തിയിരിക്കുന്നത്. 15 മിനിറ്റിന്‍റെ ഇടവേളകളില്‍ 10 തവണയായി പണം പിന്‍വലിക്കുകയായിരുന്നു.

ഇന്നലെ രാവിലെ 6.50  മുതൽ 7.10 വരെയുള്ള ഇടവേളകളിലാണ് കൊച്ചി ലേക് ഷോർ ആശുപത്രിയിലെ റേഡിയേഷൻ വിഭാഗം  ഡോക്ടറായ മുഹമ്മദ് ഷാബിറിന് പണം നഷ്ടമായത്. പതിന‌ഞ്ച് മിനുട്ടുകളുടെ ഇടവേളകൊണ്ട് പത്ത് തവണയാണ്  പണം പിൻവലിച്ചത്.  എസ്.എം.എസ് ഡോക്ടറുടെ ശ്രദ്ധയിലേക്ക് വരുമ്പോഴേക്കും  ഒരു ലക്ഷം രൂപയാണ് കവർന്നത്.

കൊച്ചി മുണ്ടൻവേലിയിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക്, ഇൻഡസ് ഇന്‍ഡ് ബാങ്ക് എന്നിവയുടെ എടിഎം കൗണ്ടറിൽ നിന്നാണ് പണം പിൻവലിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഡോക്ടറുടെ പരാതിയിൽ തോപ്പുംപടി പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. എടിഎം കൗണ്ടറിലെ സിസിടിവി അടക്കം പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. ഒരാഴ്ച മുമ്പ് മുഹമ്മദ് ഷാബിറിന്‍റെ സഹപ്രവർത്തകന്‍റെ അക്കൗണ്ടിൽ നിന്നും സമാനമായ രീതിയിൽ പണം നഷ്ടമായിട്ടുണ്ട്. 

ഈ സംഭവത്തിലും പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും കവർച്ച. ഏതായാലും കൊച്ചി കേന്ദ്രീകരിച്ച് എടിഎം കവർച്ച സംഘം പ്രവർത്തിക്കുന്നുവെന്നതിന്‍റെ സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

Read Also: തൃശ്ശൂരിൽ ഗ്യാസ് കട്ടറുപയോഗിച്ച് എസ്ബിഐയുടെ എടിഎം തകർക്കാൻ ശ്രമം

click me!