
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) എടിഎം (ATM) സോഫ്റ്റ്‍വെയറിലെ അപാകത മുതലെടുത്ത് കൊച്ചിയില്‍ എടിഎം കവര്‍ച്ച. പത്തുലക്ഷത്തിലധികം രൂപ കവര്‍ന്നെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കവർച്ച നടത്തിയ രാജസ്ഥാന്‍ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ഡിസംബര്‍ 25, 26 തിയതികളില്‍ പോണേക്കര എസ്ബിഐ എടിഎമ്മിലാണ് കവര്‍ച്ച നടന്നത്. പണം നഷ്ടപെട്ടെന്ന് ബാങ്കുദ്യോഗസ്ഥര്‍ പൊലിസിനെ അറിയിച്ചതോടെ അന്വേഷണം തുടങ്ങി. എടിഎം മെഷീനിലിട്ട് പണം പുറത്തെത്തുമ്പോള്‍ വൈദ്യുതി വിച്ഛേദിച്ചാണ് തട്ടിപ്പ് നടത്തിയത്. എടിഎമ്മില്‍ നിന്ന് പണം ലഭിക്കുമെങ്കിലും ബാങ്കിന്‍റെ സോഫ്റ്റ്‍വെയറിൽ ഇത് രേഖപെടുത്തില്ല. അതുകൊണ്ടുതന്നെ പണം പിന്‍വലിച്ചതിന്‍റെ സൂചനകള്‍ അക്കൗണ്ടുകളിലുമുണ്ടാകില്ല. രണ്ടു ദിവസത്തിനുശേഷം പണം എണ്ണി തിട്ടപെടുത്തിയപ്പോഴാണ് കുറവ് ബാങ്കുദ്യോഗസ്ഥർക്ക് മനസിലാകുന്നത്. തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. രാജസ്ഥാന്‍ സ്വദേശികളായ ഷാഹിദ് ഖാന്‍, ആസിഫ് അലി എന്നിവരാണ് അറസ്റ്റിലായത്.
പ്രതികള്‍ കവര്‍ച്ച നടത്താന്‍ മാത്രമാണ് കേരളത്തിലെത്തിയത്. ട്രെയിനിലെത്തി കവര്‍ച്ച നടത്തി വിമാനമാര്‍ഗ്ഗം രാജസ്ഥാനിലേക്ക് പോകുന്നതാണ് ഇവരുടെ രീതി. എളമക്കരയിലും വൈപ്പിനിലും പ്രതികള്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേകുറിച്ചും അന്വേഷണം തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam