നടുറോഡില്‍ സ്ത്രീയെ മര്‍ദ്ദിച്ച സംഭവം: സ്ത്രീയും യുവാവും ലോഡ്ജില്‍ നല്‍കിയത് വ്യാജ വിലാസം?

By Web TeamFirst Published Jul 25, 2019, 10:10 AM IST
Highlights

യുവതിയും യുവാവും നൽകിയ ആധാർ കാർഡ് പിന്തുടർന്ന് പോയ പൊലീസിന് ഇതിൽ രേഖപ്പെടുത്തിയ സ്ഥലം കണ്ടെത്താനായില്ല

കല്‍പ്പറ്റ: വയനാട് അമ്പലവയലിലെത്തിയ തമിഴ്‌നാട്ടിൽ നിന്നുള്ള യുവതിയെയും യുവാവിനെയും റോഡിലിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിക്കായി പൊലീസ് തെരച്ചിൽ തുടരുന്നു. അതിനിടെ മർദ്ദനമേറ്റവർ താമസിക്കാനായി ലോഡ്‌ജിൽ നൽകിയത് വ്യാജ വിലാസമാണെന്ന് വിവരം. 

അമ്പലവയല്‍ ടൗണില്‍ നിന്ന് ഏറെ അകലെയല്ലാതെയുള്ള ലോഡ്‌ജിലാണ് ഇരുവരും മുറിയെടുത്തത്. യുവാവിന്റെ ആധാർ കാര്‍ഡ് ആണ് ഇവിടെ നല്‍കിയത്. ഇതില്‍ പാലക്കാട് നൂറടി എന്നാണ് സ്ഥലം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അമ്പലവയല്‍ എസ്.ഐ.യുടെ നേതൃത്വത്തിലുള്ള ഒരു സംഘം പാലക്കാട് എത്തി അന്വേഷിച്ചെങ്കിലും ഇങ്ങനെ ഒരു സ്ഥലമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലോഡ്‌ജ് ഉടമയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് അമ്പലവയല്‍ എസ്.ഐ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

പ്രതിയായ ടിപ്പര്‍ ഡ്രൈവര്‍ സജിവാനന്ദിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും എസ്.ഐ അറിയിച്ചു. ജില്ലാപോലീസ് മേധാവിയുടെ നിർദേശത്തെ തുടര്‍ന്ന് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. പ്രതി കര്‍ണാടകയിലേക്കോ, തമിഴ്‌നാട്ടിലേക്കോ കടന്നിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.  കഴിഞ്ഞ ദിവസം പ്രതിയുടെ ബന്ധുവീടുകളിലും മറ്റും വ്യാപക തെരച്ചില്‍ നടത്തിയ അന്വേഷണ സംഘം ഇയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു. 

അതേ സമയം മര്‍ദ്ദമേറ്റിട്ടും പരാതി നല്‍കാതെ സ്ഥലം വിട്ട യുവതിയെയും യുവാവിനെയും കണ്ടെത്താനും പോലീസിനായിട്ടില്ല. ഇവര്‍ ഇതുവരെ ജില്ല വിട്ടുപോയിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. സംഭവത്തില്‍ ആദ്യം കേസെടുക്കാതെ പ്രതിയെയും മര്‍ദ്ദനമേറ്റവരെയും വിട്ടയച്ച അമ്പലവയല്‍ പോലീസിന്റെ നടപടി സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. വനിതാകമ്മീഷനടക്കം പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. ഇതിനിടെ സജീവാനന്ദ് കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ നല്‍കി.

click me!