
റെനീസ്(ഫ്രാന്‍സ്): തീരത്തേക്ക് ഒഴുകിയെത്തുന്നത് കിലോക്കണക്കിന് ലഹരിമരുന്നുകള്‍ പ്രധാനപ്പെട്ട ബീച്ചുകള്‍ അടച്ച് ഫ്രാന്‍സ്. ഫ്രാന്‍സിലെ ദക്ഷിണ പടിഞ്ഞാറന്‍ മേഖലയിലെ മിക്ക ബീച്ചുകളിലേക്കും ഓരോ തിരയിലും ഒഴുകിയെത്തുന്നത് കിലോക്കണക്കിന് കൊക്കെയ്ൻ പാക്കറ്റുകളാണ്. ഒക്ടോബര്‍ മധ്യത്തോടെ ആരംഭിച്ച ഈ പ്രതിഭാസത്തില്‍ 1000 കിലോയിലേറെ കൊക്കെയ്ൻ ഇതിനോടകം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പൊലീസ് പരിശോധനകള്‍ കര്‍ശനമാക്കിയതോടെയാണ് ലഹരിമരുന്ന് വിതരണക്കാര്‍ ഇത്തരം മാര്‍ഗങ്ങള്‍ രീതികള്‍ പരീക്ഷിക്കുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ബീച്ചുകള്‍ അടച്ച് തീരമേഖലയിലെ പരിശോധന പൊലീസ് കര്‍ശനമാക്കിയതോടെ ലഹരിമരുന്ന് പാക്കറ്റുകള്‍ വടക്കന്‍ മേഖലയിലെ തീരത്തേക്കും എത്തുന്നുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കാര്‍ഗോ കപ്പലുകളില്‍ നിന്നാണ് ലഹരിമരുന്ന് പാക്കറ്റുകള്‍ തീരത്തേക്ക് എത്തുന്നതെന്നാണ് സംശയം.
യൂറോപ്പിലേയും അമേരിക്കയിലേയും ലഹരിമരുന്ന് വിരുദ്ധ വിഭാഗങ്ങളുടെ സഹായത്തോടെ തീരത്തേക്ക് ഇത്തരത്തില്‍ പാക്കറ്റുകള്‍ എത്തുന്നതിന്‍റെ കാരണം കണ്ടെത്താനുള്ള ഒരുക്കത്തിലാണ് പൊലീസുള്ളത്. വളരെ ശുദ്ധമായ കൊക്കെയ്ൻ ആണ് പൊതികളില്‍ നിന്ന് ലഭിക്കുന്നത്. അതിനാല്‍ തന്നെ ഇത് അതീവ അപകടകാരിയാണെന്നും വിദഗ്ധര്‍ പറയുന്നു.
വന്‍വിലയാണ് ഇവക്ക് ലഭിക്കുന്നതെന്നതിനാല്‍ ആളുകള്‍ ഇവ ശേഖരിച്ച് വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെടതോടെയാണ് ബീച്ചുകള്‍ അടച്ച് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്. ബീച്ചുകളുടെ പരിസര പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളിലും പൊലീസ് തെരച്ചില്‍ നടത്തുന്നുണ്ട്.
കൗമാരക്കാര്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് ഇത്തരത്തില്‍ തീരത്ത് അടിയുന്ന പാക്കറ്റുകള്‍ ശേഖരിക്കുന്നതിന് ഇടയില്‍ പൊലീസ് പിടിയിലായത്. തീരപ്രദേശത്ത് നടക്കാന്‍ എത്തുന്നവര്‍ മടങ്ങിപ്പോവുമ്പോള്‍ അവരുടെ കാറുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. 125 കിലോമീറ്റര്‍ തീരമേഖലയില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചും പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്. സീല്‍ ചെയ്ത പാക്കറ്റുകളിലാണ് കൊക്കെയ്ൻ തീരത്തേക്ക് എത്തുന്നത് എന്നതിനാല്‍ ഇത് വെള്ളം കയറി നശിക്കുന്നുമില്ല. ചെറിയ രീതിയില്‍ പോലും ഇത് നേരിട്ട് ഉപയോഗിക്കുന്നത് ഓവര്‍ ഡോസായി പോവാനുള്ള സാധ്യത ഏറെയാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഈ പാക്കറ്റുകളില്‍ കണ്ട സീല്‍ പതിച്ച കൊക്കെയ്ൻ പാക്കറ്റുകള്‍ സെപ്തംബറില്‍ ഫ്ലോറിഡയുടെ തീരങ്ങളിലുമെത്തിയിരുന്നു. ബെല്‍ജിയവും, സ്പെയിനുമാണ് ഇത്തരം ലഹരിമരുന്നുകള്‍ ഏറെയെത്തുന്ന ഇടങ്ങളെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇവിടങ്ങളിലേക്ക് ഒഴുക്കുന്ന പാക്കറ്റുകള്‍ കാറ്റുകളിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ മൂലം ഫ്രാന്‍സിന്‍റെ തീരങ്ങളിലേക്ക എത്തുന്നതാണോയെന്നും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. യൂറോപ്പിലെ പല ഭാഗങ്ങളിലായി 140 ടണ്‍ കൊക്കെയ്ൻ ആണ്‍ 2017ല്‍ മാത്രം പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam