മോഷണശ്രമത്തിനിടെ വെടിയേറ്റു; നഷ്ടപരിഹാരം ആവശ്യപ്പെട്ട് കള്ളന്‍ കോടതിയില്‍!

By Web TeamFirst Published Sep 24, 2019, 8:27 PM IST
Highlights

മോഷണ ശ്രമത്തിന് റയാന്‍ വാട്സനെതിരെ കേസെടുത്തെങ്കിലും വെറും 45 ദിവസം മാത്രമാണ് ജയിലില്‍ കിടന്നത്.സംഭവം നടന്ന റൂറല്‍ ആല്‍ബര്‍ട്ടയില്‍ മോഷ്ടാക്കളുടെ ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു.

എഡ്മന്‍റണ്‍: വിചിത്രമായ ഒരു കേസിന്‍റെ പിറകെയാണ് കാനഡ. മോഷണ ശ്രമത്തിനിടെ വെടിയേറ്റ് വലതുകൈയ്ക്ക് പരിക്കേറ്റ കള്ളന്‍ നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്നും അംഗവൈകല്യം സംഭവിച്ചെന്നും കാണിച്ചാണ് റയാന്‍ വാട്സനെന്ന യുവാവ് ഒരു ലക്ഷം ഡോളര്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഫാം ഉടമ എഡ്വാര്‍ഡ് മോറിസിനെതിരെയാണ് പരാതി. 

2018 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. ഒകോട്ടോസിലെ റൂറല്‍ ആല്‍ബര്‍ട്ടയില്‍ റയാന്‍ വാട്സനും മറ്റൊരാളും മോഷ്ടിക്കാനായി മോറിസിന്‍റെ കൃഷിയിടത്തില്‍ കയറി. കൃഷിയിടത്തിലെ വീട്ടില്‍ മോറിസും മകളും മാത്രമായിരുന്നു ആ സമയം വീട്ടിലുണ്ടായിരുന്നത്. അപരിചിതര്‍ കയറിയതോടെ വളര്‍ത്തുനായ്ക്കള്‍ കുരച്ച് ബഹളമുണ്ടാക്കി. പുറത്തിറങ്ങി നോക്കിയപ്പോള്‍ രണ്ട് അപരിചിതരെ കണ്ടു. അവരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല.

ഫാം ഉടമ ഏഡ്വേഡ് മോറിസ് കോടതിയില്‍നിന്ന് പുറത്തേക്ക് വരുന്നു

തുടര്‍ന്ന് ഭയപ്പെടുത്തുന്നതിനായി .22 കാലിബര്‍ റൈഫിള്‍ ഉപയോഗിച്ച് വെടിവെച്ചു. അബദ്ധത്തില്‍ റയാന്‍ വാട്സന് കൈയില്‍ വെടിയേറ്റു. തുടര്‍ന്ന് മോറിസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി മറിഞ്ഞു. അശ്രദ്ധയോടെ തോക്കുപയോഗിച്ചതിന് മോറിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്‍റെ മകളെ അക്രമികളില്‍നിന്ന് രക്ഷിക്കാനാണ് വെടിവെച്ചതെന്ന് മോറിസ് വാദിച്ചു.

കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് 2018 ജൂണില്‍ അദ്ദേഹത്തിനെതിരെയുള്ള കേസ് പിന്‍വലിച്ചു. മോഷണ ശ്രമത്തിന് റയാന്‍ വാട്സനെതിരെയും കേസെടുത്തെങ്കിലും വെറും 45 ദിവസം മാത്രമാണ് അദ്ദേഹം ജയിലില്‍ കിടന്നത്.സംഭവം നടന്ന റൂറല്‍ ആല്‍ബര്‍ട്ടയില്‍ മോഷ്ടാക്കളുടെ ശല്യം രൂക്ഷമാണെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. 

ഈ പ്രശ്നത്തിന്‍റെ ചൂടാറും മുമ്പേയാണ് മോറിസില്‍നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാട്സന്‍ കോടതിയെ സമീപിച്ചത്. യാതൊരു മുന്നറിപ്പും നല്‍കാതെയാണ് മോറിസ് വെടിവെച്ചതെന്ന് വാട്സന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നിയമം തങ്ങളെ അനാവശ്യമായി വേട്ടയാടുകയാണെന്ന് എഡ്വാര്‍ഡ് മോറിസും ഭാര്യ ജെസ്സീക്കയും ആരോപിച്ചു. 

click me!