
കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ്പുകേസില്‍ കൃത്യത്തിന് ശേഷം പ്രതികള്‍ ഒരാഴ്ച തങ്ങിയത് അതീവ സുരക്ഷാ മേഖലയില്‍. എറണാകുളം എടത്തല പഞ്ചായത്തിലെ ദേശീയ ആയുധ സംഭരണശാലയുടെ സമീപത്തുള്ള അമേരിക്ക എന്നു പേരിട്ട ഒളിത്താവളത്തില്‍ പോലീസ് പ്രതികളുമായി ഇന്ന് പരിശോധന നടത്തി. അതേസമയം കേസില്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത രണ്ടുപേർ വിദേശത്തേക്ക് കടന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
എടത്തല പഞ്ചായത്തിലെ ദേശീയ ആയുധ സംഭരണ ശാല ആസ്ഥാനത്തിന്‍റെ മതിലിനോടുചേർന്ന ഈ ഒളിസങ്കേതത്തിലാണ് വെടിവയ്പ്പുനടത്തിയ ശേഷം രണ്ടുപേരും എത്തിയത്. ഒരാഴ്ചയോളം പകല്‍ ഇവിടെ കഴിച്ചുകൂട്ടി. പിന്നീടാണ് കാസർകോഡേക്ക് പോയത്. വെടിയുതിർത്ത തോക്കിലെ ബുള്ളറ്റിന്‍റെ കെയ്സും, വെടിയുതിർക്കുന്പോള്‍ മുഖം മറയ്ക്കാനുപയോഗിച്ച ഹെല്‍മെറ്റും, കയ്യുറകളും ഇവിടെയാണ് ഉപേക്ഷിച്ചതെന്ന് ഇരുവരും അന്വേഷണസംഘത്തോട് പറഞ്ഞു.
മയക്കുമരുന്ന് സംഘങ്ങളുടെ താവളം കൂടിയായ ഈ ഒളിസങ്കേതത്തിലും സമീപ പ്രദേശങ്ങളിലും അന്വേഷണസംഘം മണിക്കൂറുകളോളം തിരച്ചില്‍ നടത്തി. കയ്യുറകള്‍ കത്തിച്ചുകളഞ്ഞെന്നും ഹെല്‍മെറ്റ് നശിപ്പിച്ചെന്നും തെരച്ചിലില്‍ വ്യക്തമായി. പക്ഷേ പ്രധാന തെളിവായ വെടിയുതിർത്ത തോക്കിലെ ബുള്ളറ്റിന്‍റെ എംപ്റ്റികെയ്സ് കണ്ടെത്താനായില്ല. മെറ്റല്‍ ഡിറ്റക്ടർ ഉപയോഗിച്ച് ഇവിടെ വീണ്ടും തെരച്ചില്‍ നടത്തും.
അതേസമയം കേസുമായി ബന്ധപ്പെട്ട് പോലീസിന്‍റെ കസ്റ്റഡിയിലുള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വെടിവയ്പ്പ് നടത്താന്‍ അധോലോക കുറ്റവാളി രവി പൂജാരയ്ക്കൊപ്പം ഗൂഢാലോചനയില്‍ പങ്കാളികളായ കാസർകോഡ് സ്വദേശിയും , കൊല്ലം സ്വദേശിയായ ഡോക്ടറും വിദേശത്തേക്ക് കടന്നു. ഇരുവരെയും കേസില്‍ പ്രതി ചേർത്ത് പിടികൂടുന്നതിനായി ലുക്ക്ഔട് നോട്ടീസ് പുറപ്പെടുവിക്കാനാണ് നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam