
ബെംഗളൂരു: കഴിഞ്ഞ ആഗസ്റ്റ് മാസം നടന്ന അക്രമസംഭവങ്ങൾ ആസൂത്രിതമെന്ന് എന്‍ഐഎ കുറ്റപത്രം. എസ്‍ഡിപിഐ പോപ്പുലർഫ്രണ്ട് പ്രവർത്തകരടക്കം അക്രമത്തില്‍ പങ്കെടുത്ത 247 പേരെ പ്രതികളാക്കി ദേശീയ അന്വേഷണ ഏജന്‍സി കുറ്റപത്രം കോടതിയില്‍ സമർപ്പിച്ചു.
ബെംഗളൂരു നഗരത്തിലെ ഡിജെഹള്ളി കെജെ ഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന അക്രമ സംഭവങ്ങൾ ആസൂത്രിതമാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. പുലികേശി നഗർ എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ മരുമകന്‍ നവീന്‍ ഫേസ്ബുക്കില്‍ പ്രവാചകനെതിരെ അപകീർത്തികരമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതാണ് അക്രമത്തിന് കോപ്പുകൂട്ടാന്‍ പ്രേരണയായത്.
ആഗസ്റ്റ് 11ന് രാത്രി പ്രദേശത്ത് ഒത്തുകൂടി പോലീസ് സ്റ്റേഷനുകളും എംഎല്‍എയുടെ വീടും ആക്രമിക്കാന്‍ പ്രതികൾ പദ്ധതിയിട്ടെന്നും കുറ്റപത്രം പറയുന്നു. ആകെ 247 പേരെയാണ് കുറ്റപത്രത്തില്‍ പ്രതികളായുള്ളത്. ഇതില്‍ 109 പേർ ഡിജെ ഹള്ളി പോലീസ് സ്റ്റഷന്‍ പരിധിയിലെ അക്രമ സംഭവങ്ങളുമായി ബന്ധപെട്ടും, 139 പേർ കെജെ ഹള്ളിയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടുമാണ് അറസ്റ്റിലായത്.
ആദ്യം ബെംഗളൂരു പോലീസ് അന്വേഷിച്ച കേസ് കഴിഞ്ഞ സപ്റ്റംബറിലാണ് എന്‍ഐഎ ഏറ്റെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 17 പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 667 പേജുള്ള കുറ്റപത്രം കഴിഞ്ഞ ദിവസമാണ് ബെംഗളൂരു പ്രത്യേക കോടതിയില്‍ സമർപ്പിച്ചത്. കുറ്റപത്രത്തിന്‍റെ സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയ ശേഷം കേസില്‍ കോടതി വിചാരണ നടപടികളിലേക്ക് കടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam