
കോയമ്പത്തൂര്‍: ഒരു മോഷ്ടാവിന് സംഭവിച്ച അമളിയില്‍ ചിരിയടക്കാനാവാതെ ഒരു നാട്. ബൈക്ക് മോഷ്ടിച്ച് കൊണ്ട് പോകുന്നതിനിടെ കേടായപ്പോള്‍ അതിന്‍റെ ഉടമയോട് തന്നെ സഹായം ചോദിച്ച കള്ളനാണ് കുടുങ്ങിയത്. കോയമ്പത്തൂരിലാണ് സംഭവം. ഉടമ കോയമ്പത്തൂര്‍ സൂലൂരിൽ റാവുത്തർ നെയ്ക്കാരൻകുട്ട സ്വദേശി മുരുകന്‍റെ വീടിന് മുന്നില്‍ നിന്നാണ് മോഷ്ടാവ് ബൈക്കുമായി കടന്നുകളഞ്ഞത്. കോഴിവളർത്തുകേന്ദ്രത്തിലെ മാനേജരായ മുരുകൻ തന്‍റെ ബൈക്ക് നഷ്ടപ്പെട്ടുവെന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നല്‍കി.
കരുമത്തംപട്ടി സ്റ്റേഷനില്‍ പരാതി നല്‍കി മടങ്ങവേ കുറുമ്പപാളയം എത്തിയപ്പോൾ ആണ് നല്ല പരിചയം ഉള്ള ബൈക്ക് വര്‍ക്ക് ഷോപ്പിന് മുന്നില്‍ കണ്ടത്. വാഹനത്തിന് സമീപം നിന്നയാള്‍ മുരുകന്‍ എത്തിയതോടെ ബൈക്ക് കേടായെന്നും വര്‍ക്ക് ഷോപ്പ് എപ്പോള്‍ തുറക്കുമെന്നും ചോദിച്ചു.
ഇതോടെ പിന്നെ അവിടെ തര്‍ക്കവും കയ്യാങ്കളിയുമായി. രണ്ട് പേര്‍ പരസ്പരം വഴക്കിടുന്നത് കണ്ടതോടെ നാട്ടുകാരും ഇടപെട്ടു. കാര്യങ്ങള്‍ മനസിലായതോടെ മോഷ്ടാവിനെ നാട്ടുകാര്‍ എല്ലാവരും ചേര്‍ന്ന് പിടിച്ച് കെട്ടുകയായിരുന്നു. ഇതിന് ശേഷം പൊലീസിനും കൈമാറി. തൊട്ടിപാളയം സ്വദേശി ബാലസുബ്രഹ്മണ്യം (30) ആണ് അറസ്റ്റിലായിട്ടുള്ളത്.
മഞ്ചേശ്വരത്ത് അയ്യപ്പ വിഗ്രഹം മോഷണം പോയി, മണിക്കൂറുകൾക്കകം കുറ്റിക്കാട്ടിൽ കണ്ടെത്തി
മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ പഞ്ചലോഹ വിഗ്രഹം മണിക്കൂറുകൾക്കകം കണ്ടെത്തി. കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലാണ് വിഗ്രഹം കണ്ടെത്തിയത്. നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിലാണ് വിഗ്രഹം കണ്ടെടുത്തത്. ഇന്ന് പുലർച്ചെയാണ് മോഷണം നടന്ന വിവരം ക്ഷേത്ര ഭാരവാഹികൾ അറിയുന്നത്.
രാവിലെ പൂജാരി എത്തിയപ്പോഴാണ് പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകോവിലിന്റെ പൂട്ടും തകർത്ത് അകത്ത് കയറുകയായിരുന്നു കള്ളൻ. അഞ്ച് കിലോ ഭാരവും രണ്ടരയടി ഉയരവുമുള്ള വിഗ്രഹമാണ് ഇളക്കിയെടുത്തത്. ഒപ്പം തന്നെ ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങളും കുത്തി തുറന്ന നിലയിലായിരുന്നു. മോഷണം സംബന്ധിച്ച് പൊലീസിന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഒരാൾ മാത്രമാണോ കൂടുതൽ പേർ ചേർന്നാണോ മോഷണം നടത്തിയത് എന്നതടക്കമുള്ള കാര്യത്തിൽ വ്യക്ത വരേണ്ടതുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam