കോണ്‍സ്റ്റബിളിനെ ഷൂകൊണ്ട് മര്‍ദ്ദിച്ചു, മൂത്രം കുടിപ്പിച്ചു; ബിജെപി എംഎല്‍എയ്ക്കെതിരെ കേസ്

By Web TeamFirst Published Dec 31, 2019, 2:41 PM IST
Highlights

എംഎല്‍എയും സംഘവും വീണ്ടും മര്‍ദ്ദിക്കുകയും ഷൂകൊണ്ട് അടിക്കുകയും ചെയ്തു. പ്രവര്‍ത്തകര്‍ തന്നെക്കൊണ്ട് മൂത്രം കുടിപ്പിച്ചുവെന്നും അയാള്‍ പറഞ്ഞു. 

ലക്നൗ: പൊലീസ് കോണ്‍സ്റ്റബിളിനെ മര്‍ദ്ദിക്കുകയും ഷൂകൊണ്ട് അടിക്കുകയും ചെയ്ത ബിജെപി എംഎല്‍എയ്ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ ബര്‍ഖേര മണ്ഡലത്തിലെ എംഎല്‍എ കിഷന്‍ ലാല്‍, കണ്ടാല്‍ തിരിച്ചറിയുന്ന 15 പേര്‍, 35 ലേറെ തിരിച്ചറിയാനാവത്തവര്‍ എന്നിവര്‍ക്കിതെരയാണ് കേസെടുത്തിരിക്കുന്നത്. 

കോണ്‍സ്റ്റബിള്‍ മോഹിത്ത് ഗുര്‍ജറിനെയാണ് എംഎല്‍എയും സംഘവും മര്‍ദ്ദിച്ചത്. 50000 രൂപയ്ക്ക് മോഹിത്ത് വാങ്ങിയ ബൈക്കിനെ ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാകുകയായിരുന്നു. രാഹുല്‍ എന്നയാളില്‍ നിന്നാണ് മോഹിത്ത് ബൈക്ക് വാങ്ങിയത്. എന്നാല്‍ ഇതിന് മതിയായ രേഖകള്‍ രാഹുലിന്‍റെ പക്കലില്ലാത്തതിനാല്‍ മോഹിത്തിന് ബൈക്ക് തന്‍റെ പേരിലേക്ക് മാറ്റാന്‍ കഴിഞ്ഞില്ല. 

ഇതോടെ മോഹിത്ത് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. രാഹുല്‍ മോഹിത്തിനെ പിലിഭിറ്റിലെ സമിതി ഗേറ്റിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. അവിടെ ലാല്‍ രജ്പൂത്തിന്‍റെ ബന്ധുവും മറ്റുചിലരും രാഹുലിനൊപ്പം മോഹിത്തിനെ കാത്തുനിന്നിരുന്നു. ''അവിടെയെത്തിയപ്പോള്‍ അവിടെക്കൂടിയവര്‍ ചേര്‍ന്ന് എന്നെ മര്‍ദ്ദിച്ചു. അവരെനമ്നെ ശകാരിച്ചു. എന്‍റെ സ്വര്‍ണ്ണമാലയും പേഴ്സും അവര്‍ മോഷ്ടിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു'' - മോഹിത്ത് പറഞ്ഞു. 

മര്‍ദ്ദനം തുടര്‍ന്നപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും അസ്സം റോഡ് പൊലീസ് സ്റ്റേഷനില്‍ ചെന്നുകയറിയെന്നും അയാള്‍ പറഞ്ഞു. എന്നാല്‍ അവിടെയെത്തിയ എംഎല്‍എയും സംഘവും വീണ്ടും മര്‍ദ്ദിക്കുകയും ഷൂകൊണ്ട് അടിക്കുകയും ചെയ്തു. പ്രവര്‍ത്തകര്‍ തന്നെക്കൊണ്ട് മൂത്രം കുടിപ്പിച്ചുവെന്നും അയാള്‍ പറഞ്ഞു.  

പൊലീസ് ഓഫീസര്‍മാര്‍ നോക്കി നില്‍ക്കെയാണ് തന്നെ മര്‍ദ്ദിച്ചതെന്നും എല്ലാവരും നിശബ്ദരായിരുന്നുവെന്നും അയാള്‍ പറഞ്ഞു. സന്‍ഗരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമെടുത്തില്ല. ഇതോടെ മോഹിത്ത് കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയാണ് എംഎല്‍എയ്ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടത്. 

click me!