മുക്കത്തെ തെരഞ്ഞെടുപ്പ് ഫണ്ട് വിതരണം; ബിജെപി പ്രവർത്തകർ തമ്മിലടിച്ചു

By Web TeamFirst Published Dec 18, 2020, 12:12 AM IST
Highlights

മുക്കം നഗരസഭ വൈസ് പ്രസിഡന്‍റ് കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നെന്നാണ് മുൻ മണ്ഡലം വൈസ് പ്രസിഡന്‍റ് മോഹനന്‍റെ ആരോപണം. പൊലീസിൽ പരാതി നൽകിയിട്ടില്ല.

മുക്കം: കോഴിക്കോട് മുക്കം നഗരസഭയിലെ തെരഞ്ഞെടുപ്പ് ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവത്തിൽ തിരുവമ്പാടി മണ്ഡലം മുൻ വൈസ് പ്രസിഡന്‍റിന്‍റെ കഴുത്തിന് പരിക്കേറ്റു. മുക്കം നഗരസഭ വൈസ് പ്രസിഡന്‍റ് കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നെന്നാണ് മുൻ മണ്ഡലം വൈസ് പ്രസിഡന്‍റ് മോഹനന്‍റെ ആരോപണം. പൊലീസിൽ പരാതി നൽകിയിട്ടില്ല.

മുൻ തിരുവമ്പാടി മണ്ഡലം ബിജെപി വൈസ് പ്രസിഡന്‍റ് ആയിരുന്ന കോഴഞ്ചേരി മോഹനന് മുക്കം നഗരസഭ തെരഞ്ഞെടുപ്പിൽ 13, 14 ഡിവിഷനുകളിലെ ബിജെപി പ്രചാരണ ചുമതല ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിന്‍റെ ആവശ്യത്തിനായി ഓരോ വാർഡിലേക്കും ബിജെപി മേൽക്കമ്മറ്റിയിൽ നിന്ന് പ്രവർത്തന ഫണ്ട് അനുവദിച്ചിരുന്നു.

എന്നാൽ ഇത് കിട്ടാതായപ്പോൾ ചുമതലയുള്ള മുക്കം നഗരസഭ ബിജെപി പ്രസിഡന്‍റ്  സുവനീഷിനോട് കാരണം ചോദിച്ചു. പണം ആവശ്യപ്പെട്ടതോടെ സുവനീഷ് ഭാര്യയെ ഭീഷണിപ്പെടുത്തിയെന്ന് മോഹനൻ പറയുന്നു. തുടർന്ന് നേരിട്ട് കാണാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, മോഹനൻ നേരത്തെ തരാനുള്ള പണം തിരികെ ചോദിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് സുവനീഷിന്‍റെ വിശദീകരണം.

പരിക്കേറ്റ മോഹനനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും രേഖാമൂലം പരാതി കിട്ടിയിട്ടില്ലെന്നും മുക്കം പൊലീസ് എസ്എച്ച്ഒ അറിയിച്ചു. അതേസമയം, പ്രശ്നം വ്യക്തിപരമല്ലെന്നും സംഘടനപരമാണെന്നുമാണ് ബിജെപി മണ്ഡലം പ്രസിഡന്‍റിന്‍റെ വിശദീകരണം. തെരഞ്ഞെടുപ്പിൽ ബിജെപി മുക്കം നഗരസഭയിൽ രണ്ട് സീറ്റുകൾ നേടിയിട്ടുണ്ട്. എന്നാൽ മോഹനന് ചുമതല ഉണ്ടായിരുന്ന 13,14 വാർഡുകളിൽ പരാജയപ്പെട്ടു. 

click me!