'ബ്രേക്കിങ് ബാഡ്' മാതൃകയിൽ മയക്കുമരുന്ന് നിര്‍മാണം; പിടിച്ചെടുത്തത് കോടികളുടെ ലഹരിമരുന്ന്, രണ്ട് ശാസ്ത്ര അധ്യാപകര്‍ അറസ്റ്റിൽ

Published : Jul 09, 2025, 05:15 PM IST
drug arrest rajasthan

Synopsis

ഗംഗാനഗറിലെ റിധി-സിദ്ധി എന്‍ക്ലേവിലെ ഡ്രീം ഹോംസ് അപാര്‍ട്ട്മെന്‍റിലെ വാടക ഫ്ലാറ്റിലാണ് ഇരുവരും മയക്കുമരുന്ന് നിര്‍മിക്കുന്ന ലാബ് സജ്ജമാക്കിയിരുന്നത്

ജയ്പൂര്‍: രാജസ്ഥാനിൽ കോടികളുടെ മയക്കുമരുന്ന് നിര്‍മിച്ചതിന് സര്‍ക്കാര്‍ സ്കൂളിലെ ശാസ്ത്ര അധ്യാപകനും കോച്ചിങ് സെന്‍ററിലെ മുൻ ഫിസിക്സ് അധ്യാപകനും പിടിയിൽ. 15 കോടി രൂപയുടെ മെഫിഡ്രോണ്‍ എന്ന മയക്കുമരുന്നാണ് ഇവര്‍ നിര്‍മിച്ചിരുന്നതെന്ന് എന്‍സിബി അറിയിച്ചു. 

അമേരിക്കൻ ടെലിവിഷൻ സിരീസായ ബ്രേക്കിങ് ബാഡിനെ അനുസ്മരിപ്പിക്കുന്ന വിധമാണ് അധ്യാപകര്‍ മയക്കുമരുന്ന് നിര്‍മിച്ചിരുന്നത്. സിന്തറ്റിക് മയക്കുമരുന്ന് വിഭാഗത്തിലുള്ള ഇവയുടെ ഉപയോഗം ഗുരുതരമായ മാനസിക ശാരീരിക പ്രശ്നങ്ങളുണ്ടാക്കും. വൻതോതിൽ മയക്കുമരുന്നുണ്ടാക്കി വിതരണം ചെയ്യുകയായിരുന്നു ഇരുവരുമെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഗംഗാസാഗര്‍ ജില്ലയിലെ മുക്ലാവയിലെ സര്‍ക്കാര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ ശാസ്ത്ര അധ്യാപകനായ മനോജ് ഭാര്‍ഗവ് (25), രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് ഉദ്യോഗാര്‍ത്ഥിയും കോച്ചിങ് സെന്‍ററിലെ മുൻ ഫിസിക്സ് അധ്യാപകനുമായ ഇന്ദ്രജിത്ത് വിഷ്ണോയ് എന്നിവരാണ് അറസ്റ്റിലായത്.

ഗംഗാനഗറിലെ റിധി-സിദ്ധി എന്‍ക്ലേവിലെ ഡ്രീം ഹോംസ് അപാര്‍ട്ട്മെന്‍റിലെ വാടക ഫ്ലാറ്റിലാണ് ഇരുവരും മയക്കുമരുന്ന് നിര്‍മിക്കുന്ന ലാബ് സജ്ജമാക്കിയിരുന്നത്. കഴിഞ്ഞ രണ്ടരമാസമായി ഇരുവരും ഇവിടെ വെച്ച് മയക്കുമരുന്ന് ഉണ്ടാക്കിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. ദില്ലിയിൽ നിന്നാണ് മയക്കുമരുന്ന് ഉണ്ടാക്കാനുള്ള രാസപദാര്‍ഥങ്ങളും ഉപകരണങ്ങളും എത്തിച്ചിരുന്നത്. തുടര്‍ന്ന് ജോലിയിൽ നിന്ന് അവധിയെടുത്താണ് മയക്കുമരുന്ന് നിര്‍മാണം.

എന്‍സിബി ഇരുവരുടെയും ഫ്ലാറ്റിൽ റെയ്ഡ് നടത്തിയാണ് മയക്കുമരുന്ന് നിര്‍മിക്കാൻ ഉപേയാഗിച്ച ഉപകരണങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ടരസ മാസത്തിനിടെ അഞ്ചു കിലോ ഗ്രാം മയക്കുമരുന്നാണ് ഇവര്‍ നിര്‍മിച്ചത്. ഇതിൽ 4.22 കിലോ മയക്കുമരുന്നും വിറ്റതായി എന്‍സിബി അധികൃതര്‍ പറഞ്ഞു. 

അഞ്ചു കിലോ മയക്കുമരുന്നിന് മാര്‍ക്കറ്റിൽ 15 കോടിയോളമാണ് വിലവരുന്നത്. ഫ്ലാറ്റിൽ അവശേഷിച്ചിരുന്ന 780 ഗ്രാമം മയക്കുമരുന്നും ആധുനിക നിര്‍മാണ ഉപകരണങ്ങളുമാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത മയക്കുമരുന്നിന് 2.34 കോടി വിലവരുമെന്നും എന്‍സിബി അറിയിച്ചു.

മയക്കുമരുന്ന് നിര്‍മിക്കാനായി ഉപയോഗിച്ച നിരവധി രാസപദാര്‍ഥങ്ങളും പരിശോധനയിൽ പിടിച്ചെടുത്തു. രാജസ്ഥാനിലെ ഏറ്റവും വലിയ മയക്കുമരുന്ന് ശൃംഖലകളിലൊന്നാണ് ഇതെന്നും ഇവരിൽ നിന്ന് മയക്കുമരുന്ന് വാങ്ങിയ ഇടനിലക്കാരെയടക്കം പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും എന്‍സിബി അറിയിച്ചു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം