
അലിഗഡ്: മുതിർന്നവരോടുള്ള വൈരാഗ്യത്തിന്റെ പേരിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം കണ്ണുകൾ ചൂഴ്ന്നെടുത്തു. ഉത്തർപ്രദേശിലെ അലിഗഡിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
മെയ് 31ന് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികെയാണ് കുട്ടിയുടെ മൃതദേഹം തപ്പാൽ പ്രദേശത്തു നിന്നും കണ്ടെത്തിയത്. കൈകൾ ഒടിഞ്ഞ നിലയിലും കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലുമായിരുന്നു മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ പൊലീസ് തള്ളിക്കളഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കഴുത്ത് ഞെരിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പ്രതികളിലൊരാൾ അയൽവാസിയായ സാഹിദ് എന്നയാളാണ്. ഇയാളുമായി കുട്ടിയുടെ അങ്കിളിനും മുത്തശ്ശനും സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയതെന്നുമാണ് കരുതപ്പെടുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ തുടരന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് മരണപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളും വീട്ടുകാരും റോഡ് ബ്ലോക്ക് ചെയ്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam