
കാസർകോട്: രാജപുരത്ത് 19കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ റെനിൽ
വർഗീസാണ് പിടിയിലായത്. കോളിച്ചാൽ പതിനെട്ടാംമൈൽ സ്വദേശിയാണ് റെനിൽ വർഗീസ്. കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറാണ് 39 വയസുകാരനായ ഇയാൾ.
ബസിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന 19 വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കിയാണ് സൗഹൃദം സ്ഥാപിച്ചത്. പിന്നീട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു. റാണിപുരം റോഡിലെ ക്വാർട്ടേഴ്സിലും വീട്ടിലും കാറിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വച്ച് പീഡനത്തിനിരയാക്കിയെന്നു പെൺകുട്ടി പരാതിപ്പെട്ടിട്ടുണ്ട്. നേരത്തെയും ബലാത്സംഗം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് റെനിൽ.
2011 ലാണ് ഒരു യുവതിയെ തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ തീയേറ്ററിനകത്ത് വച്ച് പീഡിപ്പിച്ചത്. ഈ കേസിൽ ഇയാൾ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അടിപിടി, മദ്യപിച്ച് ബഹളം വെക്കൽ, ചീട്ടുകളി തുടങ്ങിയ കേസുകളും ഇയാൾക്കെതിരെയുണ്ട്. റെനിൽ വർഗീസ് പെൺകുട്ടിയെ കൊണ്ട് പോയ കാർ കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിലാണ് രാജപുരം പൊലീസ്. ഇയാളുടെ വലയിൽ കൂടുതൽ സ്ത്രീകൾ കുടുങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Read Also: കൊല്ലം പുനലൂരിൽ നഴ്സിന് നേരെ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ, യുവതി ആശുപത്രിയില്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam