
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വനിതാ പൈലറ്റിനെ അപമാനിച്ച കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. മണക്കാട് സ്വദേശി ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. ഇയാള്‍ ഓടിച്ച കാറും കസ്റ്റഡിയിലെടുത്തു. ഉണ്ണികൃഷ്ണന്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ദില്ലി സ്വദേശിയും എയര്‍ ഇന്ത്യയില്‍ പൈലറ്റുമായ 26കാരിക്കാണ് വനിതാദിനത്തില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ അറൈവല്‍ ഭാഗത്ത് വച്ച് അപമാനം ഏല്‍ക്കേണ്ടി വന്നത്. ദില്ലിയിയില്‍ നിന്നും തിരുവനന്തപുരത്തേക്കുളള സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷം രാത്രി 11.15ന് ഹോട്ടലിലേക്ക് പോകാന്‍ വാഹനം കാത്തു നില്‍ക്കുകയായിരുന്ന പൈലറ്റിനോടാണ് മണക്കാട് ഡ്രൈവര്‍ അശ്ലീല വാക്കുകള്‍ പറഞ്ഞത്.
കെഎല്‍ 01 എഎസ് 9909 എന്ന കാറിലെത്തിയ ഇയാള്‍ അടുത്തെത്തി ഇംഗ്ളീഷില്‍ അശ്ളീല ചുവയോടെ സംസാരിക്കുകയായിരുന്നു. നടുങ്ങിപ്പോയ പൈലറ്റ് ഉടനടി എയര്‍ ഇന്ത്യ ഓഫീസില്‍ വിവരമറിയിച്ചു. എയര്‍ ഇന്ത്യ അധികൃതര്‍ ഉടനടി വലിയതുറ പൊലീസിന് വിവരം കൈമാറി. പൊലീസിന്‍റെ നിര്‍ദ്ദേശാനുസരണം വനിതാ പൈലറ്റും എയര്‍ ഇന്ത്യ അധികൃതരും വലിയതുറ സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കുകയും ചെയ്തു.തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തിരുവനന്തപുരം മണക്കാട് സ്വദേശി ഉണ്ണകൃഷ്ണന്‍ പിടിയിലായത്. റെന്‍റ് എ കാര്‍ സര്‍വീസ് നടത്തുന്ന ഉണ്ണികൃഷ്ണന്‍ ഒരു യാത്രക്കാരനെ ഇറക്കാനായാണ് വിമാനത്താവളത്തില്‍ എത്തിയത്. സംഭവസമയം ഇയാള്‍ മദ്യലഹരിയിരുന്നു.
ഇയാള്‍ മയക്കുമരുന്ന് കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ ഷീന്‍ തറയില്‍ പറഞ്ഞു. അതീവസുരക്ഷാ മേഖലയായ വിമാനത്താവളത്തിലുണ്ടായ ഈ അതിക്രമം എയര്‍പോര്‍ട്ട് അധികൃതരെയും പൊലീസിനെയും ഒരുപോലെ ഞെട്ടിച്ചു. സംഭവ ശേഷം കടന്നു കളഞ്ഞ പ്രതിയെ 24 മണിക്കൂറിനകം പിടികൂടാനായതു വഴി പൊലീസിന് മുഖം രക്ഷിക്കാനുമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam