Latest Videos

കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് രക്ഷപ്പെട്ട സ്വർണക്കടത്ത് കേസ് പ്രതി ആഢംബര കാർ കണ്ടെത്തി

By Asianet MalayalamFirst Published Oct 19, 2022, 11:52 PM IST
Highlights

വിമാനത്താവള ജീവനക്കാരെ ഉപയോഗിച്ച് അഞ്ച് കിലോയോളം സ്വർണ്ണം കടത്തിയ കേസിലെ പ്രധാന പ്രതി കോഴിക്കോട് കരുവൻ തുരുത്തി സ്വദേശി റിയാസിൻ്റെ കാറാണ് ഫറോക്കിലെ ബന്ധു വീട്ടിൽ നിന്നും പിടിച്ചെടുത്തത്.

മലപ്പുറം: കരിപ്പൂരിൽ കസ്റ്റംസ് ഉദ്യോഗസ്ഥരെ കാർ കൊണ്ട്  ഇടിച്ചിട്ട് രക്ഷപ്പെട്ട സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ ആഢ൦ബര കാർ കണ്ടെത്തി. വിമാനത്താവള ജീവനക്കാരെ ഉപയോഗിച്ച് അഞ്ച് കിലോയോളം സ്വർണ്ണം കടത്തിയ കേസിലെ പ്രധാന പ്രതി കോഴിക്കോട് കരുവൻ തുരുത്തി സ്വദേശി റിയാസിൻ്റെ കാറാണ് ഫറോക്കിലെ ബന്ധു വീട്ടിൽ നിന്നും പിടിച്ചെടുത്തത്. കഴിഞ്ഞ ആഴ്ച കരിപ്പൂരിൽ വച്ച് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കവേ കസ്റ്റംസ് ഉദ്യോഗസ്ഥരെ  ഇടിച്ചിട്ട്  ഇയാൾ രക്ഷപ്പെടുകയായിരുന്നു. മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. അതേസമയം, റിയാസിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. റിയാസിൻ്റെ രണ്ട് കൂട്ടാളികൾക്കായും കസ്റ്റംസ് അന്വേഷണം നടത്തുന്നുണ്ട്. 

Also Read: കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് സ്വർണക്കടത്ത് കേസ് പ്രതി രക്ഷപ്പെട്ടു; സംഭവം കരിപ്പൂരില്‍

അതിനിടെ, തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ സ്വര്‍ണക്കടത്ത് സംഘം കസ്റ്റംസുകാരെ ആക്രമിച്ചു. ഇന്ന് രാവിലെ ഷാര്‍ജയില്‍ നിന്ന്  വന്ന അസിം എന്ന ആള്‍ സ്വര്‍ണവുമായി വെഞ്ഞാറമൂട് ഭാഗത്തേക്ക് പോയിരുന്നു. അസീമിനെ തേടിയെത്തിയ പൊന്നാനി സംഘം അസീമിനെ തടഞ്ഞതോടെ സംഘര്‍ഷമായി. അസീം സ്വര്‍ണം പൊന്നാനി സംഘത്തിന് കൊടുക്കാതെ മറ്റൊരു സംഘത്തിന് കൈമാറി. പിന്നാലെ അസീമിനെ തേടി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അസീമിന്‍റെ വീട്ടിലെത്തി. പരിശോധനയ്ക്കിടെ അസീമിന്‍റെ സുഹൃത്തുക്കളെത്തി കസ്റ്റംസ് സംഘത്തെ ആക്രമിക്കുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് കൃഷ്ണകുമാര്‍, ഡ്രൈവര്‍ അരുണ്‍ എന്നിവര്‍ക്ക് പരിക്കേറ്റു. വിവരം അറിഞ്ഞെത്തിയ  വെഞ്ഞാറമൂട് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ നാടകീയമായി അസീം വീട്ടിലേക്ക് എത്തി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അസീമിന്‍റെ വീട്ടിൽ രാത്രി വൈകിയും കസ്റ്റംസ് പരിശോധന നടത്തി. സ്വ‍ർണം എവിടക്ക് മാറ്റിയെന്ന് അറിയാനായി അസീമിന്‍റെ ചോദ്യം ചെയ്യൽ തുടരുകയാണ്. 

Also Read: തലസ്ഥാനത്തും സ്വര്‍ണം 'പൊട്ടിക്കല്‍'; കസ്റ്റംസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് സ്വർണക്കടത്ത് സംഘം‌

click me!