ഡ്രൈവിംഗ് സീറ്റില്‍ നിന്ന് അമ്മയെ പുറത്തേക്ക് വലിച്ചെറിഞ്ഞ് 3 മക്കളെയടക്കം കാര്‍ തട്ടിയെടുത്ത് മോഷ്ടാക്കള്‍

By Web TeamFirst Published Oct 7, 2020, 10:35 PM IST
Highlights

സ്ത്രീയെ സീറ്റില്‍ നിന്ന വലിച്ചിറക്കി ഇടിച്ചിട്ട ശേഷമായിരുന്നു കാര്‍ തട്ടിക്കൊണ്ട് പോകല്‍. സ്ത്രീയെ വലിച്ചിറക്കി ഇടിച്ചിടുന്നതും താഴെ വീണ സ്ത്രീ കാറിന്‍റെ ഡോറില്‍ പിടിച്ച് മോഷ്ടാക്കളെ തടയാന്‍ ശ്രമിക്കുന്നതിന്‍റേയും ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ നിന്ന് ലഭിച്ചു. പട്ടാപ്പകലാണ് മോഷണം നടന്നത്. 

വെസ്റ്റ് യോര്‍ക്ക്ഷെയര്‍(ലണ്ടന്‍): ഡ്രൈവിംഗ് സീറ്റില്‍ നിന്ന് അമ്മയെ  പുറത്തേക്ക് വലിച്ചെറിഞ്ഞ് മൂന്നുമക്കളെയടക്കം കാര്‍ തട്ടിയെടുത്ത് മോഷ്ടാക്കള്‍. ലണ്ടനിലെ ലീഡ്സിലെ ആമി റിഡ്ജ് റോഡിലാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ നടന്നത്. നാല്‍പതിനോടടുത്ത് പ്രായമുള്ള സ്ത്രീയെ ആക്രമിച്ച് മൂന്ന് മക്കള്‍ അടക്കമാണ് കാര്‍ തട്ടിയെടുത്തത്. 

സ്ത്രീയെ സീറ്റില്‍ നിന്ന വലിച്ചിറക്കി ഇടിച്ചിട്ട ശേഷമായിരുന്നു കാര്‍ തട്ടിക്കൊണ്ട് പോകല്‍. സ്ത്രീയെ വലിച്ചിറക്കി ഇടിച്ചിടുന്നതും താഴെ വീണ സ്ത്രീ കാറിന്‍റെ ഡോറില്‍ പിടിച്ച് മോഷ്ടാക്കളെ തടയാന്‍ ശ്രമിക്കുന്നതിന്‍റേയും ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ നിന്ന് ലഭിച്ചു. പട്ടാപ്പകലാണ് മോഷണം നടന്നത്. നാലും അഞ്ചും ഏഴും വയസുള്ള പെണ്‍കുട്ടികളെ അടക്കമാണ് കാര്‍ മോഷ്ടിച്ചത്. സ്ത്രീയെ സീറ്റില്‍ നിന്ന് വലിച്ച് താഴെയിട്ട സമയത്തിനുള്ളില്‍ മോഷ്ടാവിനൊപ്പമുള്ളയാള്‍ കാറിന്‍റെ മുന്‍സീറ്റില്‍ പോയിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ഇടികൊണ്ട് നിലത്ത് വീണിട്ടും ചാടിയെണീറ്റ് ഡോര്‍ തുറന്ന് പിടിച്ച്  കള്ളന്മാരെ തടയാന്‍ ശ്രമിക്കുന്ന സ്ത്രീയെ കണ്ടുകൊണ്ട് മറ്റുള്ളവര്‍ അടുത്ത് വന്നപ്പോഴേക്കും ഇവര്‍ വാഹനവുമായി കടന്നുകളയുകയായിരുന്നു. ഉടന്‍ തന്നെ വിവരം അറിഞ്ഞ പൊലീസ് കാര്‍ കണ്ടെത്തി. പൊലീസ് പിന്തുടരുന്നെന്ന് മനസിലായ സംഘം കാറുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കാര്‍ കത്തിച്ചിട്ട് കടന്നുകളയാനുള്ള ശ്രമം പൂര്‍ണമായി ഫലിച്ചില്ല. പെണ്‍കുട്ടികള്‍ സുരക്ഷിതരാണ്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് പിടികൂടി. രണ്ട് സ്ത്രീകള്‍ അടക്കം നാലുപേര്‍ക്കെതിരെയാണ് പൊലീസ് സംഭവത്തില്‍ കേസെടുത്തിട്ടുള്ളത്. 

click me!