വീണ്ടും ആള്‍ക്കൂട്ട ആക്രമണം; കാലി വില്‍പ്പനക്കാരനായ യുവാവിനെ കൊലപ്പെടുത്തി

By Web TeamFirst Published Nov 13, 2019, 10:29 PM IST
Highlights

വ്യക്തിപരമായ വിദ്വേഷമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കാലിക്കച്ചവടത്തില്‍ ചിലര്‍ക്കുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

പട്ന: ബിഹാറില്‍ കാലി വില്‍പനക്കാരനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കതിഹാര്‍ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് മുഹമ്മദ് ജമാല്‍ എന്ന യുവാവിനെതിരെ ആള്‍ക്കൂട്ടം ആക്രമിച്ചത്. ബംഗാളിലെ മാള്‍ഡ ആഴ്ച ചന്തയിലേക്ക്  കാലികളുമായി പോകുകയായിരുന്ന ജമാലിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ജമാലിന്‍റെ കാലികളിലൊന്ന് ബൈക്കിലിടിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നമാണ് ആക്രമണത്തിലേക്ക് വഴിവെച്ചതെന്ന് ചിലര്‍ പറഞ്ഞു.

ജമാലിന്‍റെ കൂടെയുണ്ടായിരുന്ന സഹോദരനും കൂട്ടുകാരനും ഓടിരക്ഷപ്പെട്ടു. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജമാലിന്‍റെ കുടുംബാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി. ജമാലിന്‍റെ മൃതദേഹവുമായി കുടുംബാംഗങ്ങള്‍ റോഡ് ഉപരോധിച്ചു. വ്യക്തിപരമായ വിദ്വേഷമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കാലിക്കച്ചവടത്തില്‍ ചിലര്‍ക്കുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

ജമാലിന്‍റെ സഹോദരന്‍റെ പരാതിയില്‍ ലീലാധര്‍, അയാളുടെ സഹോദരങ്ങള്‍, അച്ഛന്‍ എന്നിവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, സംഭവം നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 
 

click me!