സിസിടിവിയില്‍ കുടുങ്ങിയ മാലമോഷ്ടാവ് പൊട്ടിച്ചത് മുക്കുപണ്ടം

By Web TeamFirst Published Jul 6, 2019, 10:32 AM IST
Highlights

സ്കൂട്ടറിൽ വന്നയാൾ വയോധികയോട് സംസാരിക്കുന്നതും അടുത്ത് ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാല പൊട്ടിച്ചു രക്ഷപ്പെടുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ പൊട്ടിച്ചെടുത്തത് മുക്കുപണ്ടം ആയതിനാൽ വയോധിക പരാതി നൽകാൻ തയ്യാറായില്ല

മലയിൻകീഴ്: ബൈക്കിലെത്തിയ മോഷ്ടാവ് വയോധികയുടെ മാല കവര്‍ന്ന് രക്ഷപ്പെട്ടു. ഇയാള്‍ മാലപൊട്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. തിരുവനന്തപുരം മലയിന്‍കീഴ് ഗോവിന്ദമംഗലത്താണ് സംഭവം. എന്നാല്‍ നഷ്ടമായത് മുക്കുപണ്ടമാണെന്ന് വയോധിക വ്യക്തമാക്കി. ബൈക്കിലെത്തി മാല മോഷണം പതിവായതോടെയാണ് ഗോവിന്ദമംഗലത്ത് ജനകീയ സമിതി സിസിടിവി സ്ഥാപിച്ചത്. സിസിടിവി വച്ചതിന് പിന്നാലെ രണ്ട് ആഴ്ച കൊണ്ട് രണ്ട് മോഷ്ടാക്കളാണ് സിസിടിവിയില്‍ കുടുങ്ങിയത്.

പ്രതികളെക്കുറിച്ചുള്ള സൂചന ക്യാമറ ദൃശ്യങ്ങളിൽ വ്യക്തമായിട്ടും പൊലീസിന് ആരെയും പിടികൂടാനായില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇത്തരത്തില്‍ ഒടുവില്‍ നടന്ന സംഭവമാണ് ഗോവിന്ദമംഗലത്ത് കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് ബസ് കാത്തിരുന്ന വയോധികയുടെ മാല സ്കൂട്ടറിൽ എത്തിയയാൾ പൊട്ടിച്ചെടുത്തു കടന്നത്. ഹെൽമറ്റ് ധരിച്ച് സ്കൂട്ടറിൽ വന്നയാൾ വയോധികയോട് സംസാരിക്കുന്നതും അടുത്ത് ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം മാല പൊട്ടിച്ചു രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 

എന്നാല്‍ പൊട്ടിച്ചെടുത്തത് മുക്കുപണ്ടമായതിനാൽ വയോധിക പരാതി നൽകാൻ തയ്യാറായില്ല. നരുവാംമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. മോഷ്ടാവിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും പൊലീസ് മുഖവിലക്കെടുത്തില്ലെന്നും ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ മാസം 17ന് ഊരൂട്ടമ്പലം ഇശലിക്കോട്ട് കടയുടമയായ വയോധികയുടെ സ്വർണ മാല ബൈക്കിൽ എത്തിയ രണ്ട് യുവാക്കൾ പൊട്ടിച്ചെടുത്തു കടന്ന ദൃശ്യങ്ങളും ജനകീയ സമിതി സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിരുന്നു.

സാമൂഹിക വിരുദ്ധ ശല്യവും റോഡരികിൽ മാലിന്യം തള്ളുന്നതും പതിവായതോടെയാണ് ഗോവിന്ദമംഗലത്ത് ജനകീയ സമിതി രൂപീകരിച്ചത്. ഇതിന് പിന്നാലെ മേയ് 30 നാണ് ഗോവിന്ദമംഗലം മുതൽ ഊരൂട്ടമ്പലം വരെ ഒന്നര കിലോമീറ്റർ റോഡിൽ 13 ആധുനിക ക്യാമറകൾ സ്ഥാപിച്ചത്. 
 

click me!