
തിരുവല്ല: ചെങ്ങന്നൂർ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധം.ഇരട്ടക്കൊല നടന്ന വെൺമണി പാറച്ചന്തയിലെ വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോഴായിരുന്നു നാട്ടുകാർ പ്രതികൾക്ക് നേരെ തിരിഞ്ഞത്.കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ പൊലീസ് വീണ്ടും കസ്റ്റഡിൽ വാങ്ങും.
പ്രതികളെ തെളിവെടുപ്പിനായി എത്തിക്കുമെന്ന വിവരം അറിഞ്ഞതുമുതൽ പാറച്ചന്തയിലെ, ഇരട്ടക്കൊല നടന്ന ആഞ്ഞിലിമൂട്ടിൽ വീടിന്‍റെ പരിസരം നാട്ടുകാരെക്കൊണ്ട് നിറഞ്ഞിരുന്നു.വൈകുന്നേരം അഞ്ചു മണിയോടെ പ്രതികളായ ബംഗ്ലാദേശ് സ്വദേശി ലബിലു, ജുവൽ എന്നിവരുമായി പൊലീസ് വാഹനം എത്തി.
വാഹനത്തിൽ നിന്ന് പുറത്തിറക്കിയ പ്രതികളെ വീടിനു പിന്നിലെ സ്റ്റോർ റൂമിലേക്കാണ് ആദ്യം തെളിവെടുപ്പിനായി കൊണ്ടുപോയത്.ഇവിടെ വെച്ചാണ് ചെറിയാനെ പ്രതികൾ കൊലപ്പെടുത്തിയത്.പിന്നാലെ ലില്ലിയെ കൊലപ്പെടുത്തിയ അടുക്കളയിലേക്കും പൊലീസ് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്വർണ്ണവും പണവും കവർന്ന മുറികളിലും ഇരുവരെയും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതികളെ സ്ഥലത്തേക്ക് എത്തിച്ചത്.
തെളിവെടുപ്പിന് ശേഷം പ്രതികളെ പുറത്തേക്കിറക്കിയതോടെ ഇവരെ കാണണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി.പൊലീസ് പ്രതികളുമായി വാഹനത്തിലേക്ക് നീങ്ങാൻ തുടങ്ങിയതോടെ സ്ഥലത്ത് നേരിയ സംഘർഷമായി.പ്രതികൾക്ക് നെരെ ഓടിയടുത്ത നാട്ടുകാർക്ക് നേരെ പൊലീസിന് ലാത്തി വീശേണ്ടി വന്നു. പിന്നാലെ വീട്ടുകാരുമായി പൊലീസ് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സ്ഥലത്തെ സംഘഷാവസ്ഥയ്ക്ക് ശമനമായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പാറച്ചന്തയിലെ വീട്ടിൽ ഇരട്ടക്കൊലപാതകം നടന്നത്.ഇവിടെ നിന്ന് 45 പവൻ സ്വർണ്ണവും പണവും മോഷ്ടിച്ച് ബംഗ്ലാദേശ് സ്വദേശികളായ പ്രതികൾ നാടുവിടുകയായിരുന്നു.പിന്നീട് ചൊവ്വാഴ്ച രാത്രി വിശാഖപട്ടണത്ത് നിന്നാണ് പ്രതികൾ പിടിയിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam