600ഓളം സ്ത്രീകളെ ഓണ്‍ലൈന്‍ കെണിയില്‍പ്പെടുത്തിയ ടെക്കി പിടിയില്‍

By Web TeamFirst Published Aug 24, 2019, 10:37 AM IST
Highlights

ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്നയാളാണ് ക്ലെമന്‍റ്.  രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ നിന്നായി 600 സ്ത്രീകള്‍ ഇയാളുടെ വലയില്‍ പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ 60 പേര്‍ ഹൈദരാബാദില്‍ നിന്നും മാത്രമാണ്. 

ഹൈദരാബാദ്: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 600ഓളം സ്ത്രീകളെ ഓണ്‍ലൈന്‍ കെണിയില്‍പ്പെടുത്തിയ ടെക്കി പിടിയില്‍. ചെന്നൈ സ്വദേശിയായ ക്ലെമന്‍റ് രാജിനെയാണ് ഹൈദരാബാദ് മിയപ്പൂര്‍ സൈബര്‍ബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ ഓണ്‍ലൈന്‍ വഴി ജോലി വാഗ്ദാനം നല്‍കി അവരുടെ നഗ്നചിത്രങ്ങള്‍ ശേഖരിക്കുകയും, അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇയാളുടെ രീതി.

ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്നയാളാണ് ക്ലെമന്‍റ്.  രാജ്യത്തെ 16 സംസ്ഥാനങ്ങളില്‍ നിന്നായി 600 സ്ത്രീകള്‍ ഇയാളുടെ വലയില്‍ പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ 60 പേര്‍ ഹൈദരാബാദില്‍ നിന്നും മാത്രമാണ്. 2019 ഏപ്രിലില്‍ ഇയാളുടെ കെണിയില്‍ പെട്ട് ചതിക്കപ്പെട്ട  വിവാഹിതയായ 29 കാരി യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈദരാബാദ് പൊലീസ് വിശദമായ അന്വേഷണം നടത്തി ഇയാളെ കുടുക്കിയത്.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, ക്ലെമന്‍റ് എം.ടെക് ബിരുദം നേടിയ വ്യക്തിയാണ് . ഇയാള്‍ പലപ്പോഴും രാത്രി ഷിഫ്റ്റുകളിലാണ് ജോലി ചെയ്തിരുന്നത്. പകല്‍ സമയങ്ങളില്‍ ഇയാള്‍ വീട്ടില്‍ ഒറ്റയ്ക്ക് ചിലവഴിക്കും. ഈ സമയത്തെ ബോറടി മാറ്റുവാന്‍ ഇയാള്‍ ജോബ് പോര്‍ട്ടലുകളില്‍ സെര്‍ച്ചിംഗ് ആരംഭിച്ചു.  ഫ്രണ്ട് ഓഫീസ് ജോലികള്‍ അന്വേഷിക്കുന്ന സ്ത്രീകളുടെ തൊഴിലന്വേഷണ വിവരങ്ങള്‍ കേന്ദ്രീകരിച്ച് അവരുടെ നമ്പറുകള്‍ കരസ്ഥമാക്കി ഇയാള്‍ അവരുമായി ബന്ധപ്പെട്ടു.

പ്രതാപ് എന്ന് പരിചയപ്പെടുത്തിയ ക്ലെമന്‍റ്. താന്‍ ഒരു പ്രൈവറ്റ് കമ്പനി ഡയറക്ടറാണെന്നും, നിങ്ങളെ ജോലി അഭിമുഖത്തിന് വിളിക്കുന്നതായും സ്ത്രീകളെ അറിയിച്ചു. ഞങ്ങളുടെ വനിത എച്ച്.ആര്‍ മാനേജര്‍ നിങ്ങളെ ബന്ധപ്പെടും എന്നാണ് ഇയാള്‍ അറിയിച്ചത്. തുടര്‍ന്ന് എച്ച്.ആര്‍ മാനേജര്‍ ബന്ധപ്പെട്ടുവെന്നാണ് ഇരകളായ സ്ത്രീകള്‍ പറയുന്നത്.

ജോലിയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ചോദിച്ച ശേഷം. എച്ച്ആര്‍ മാനേജര്‍ എന്ന് പരിചയപ്പെടുത്തിയ വ്യക്തി, ഫ്രണ്ട് ഓഫീസ് ജോലിക്ക് ആകര്‍ഷകമായ ശരീരം വേണമെന്നും. അത്തരം പരിശോധനയ്ക്കായി ഒരു നഗ്നഫോട്ടോ അയച്ചുതരാന്‍ അഭ്യര്‍ത്ഥിച്ചു. ആരും ഞെട്ടുന്ന ശമ്പളം ഓഫര്‍ ചെയ്തതിനാല്‍ പലരും ഈ കെണിയില്‍ വീണു. പിന്നീട് പല സ്ത്രീകള്‍ക്കും ലഭിക്കുന്നത് ഭീഷണി കോള്‍ ആണ്. നഗ്നചിത്രം പുറത്തുവിടാതിരിക്കാന്‍  പ്രതിഫലം തരണം എന്ന കോള്‍. പല സ്ത്രീകളും ഇതില്‍ വീണു. 

എന്നാല്‍ ഏപ്രിലില്‍ ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് ഇയാള്‍ ചെന്നൈയിലാണെന്ന് മനസിലാക്കി. തന്ത്രപൂര്‍വ്വം ഹൈദരാബാദില്‍ എത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ കൈയ്യില്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നും ഇയാള്‍ സ്ത്രീകളെ കെണിയില്‍ പെടുത്തുന്നത് കുറവാണെന്നും. ഇത് അയാളുടെ സ്വന്തം സംസ്ഥാനമായതിനാല്‍ പിടിക്കപ്പെടുമോ എന്ന ഭയം ഇയാള്‍ക്ക് ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത് ഇയാളെ പൊലീസ് കോടതിയില്‍ ഹാജറാക്കി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങിയിരിക്കുകയാണ്.

click me!