മാരത്തോണ്‍ വിവാഹവും വിവാഹമോചനവും; 11 അംഗ കുടുംബം നടത്തിയ കൂട്ടത്തട്ടിപ്പിന്‍റെ സിനിമയെ വെല്ലുന്ന കഥ പുറത്ത്

By Web TeamFirst Published Sep 28, 2019, 2:48 PM IST
Highlights

സിനിമാക്കഥയെ വെല്ലുന്ന രീതിയില്‍ മാരത്തോണ്‍ വിവാഹവും വിവാഹമോചനവും. സര്‍ക്കാര്‍ ഭവന പദ്ധതിയുടെ ഭാഗമാകാന്‍ പതിനൊന്നംഗ കുടുംബം അടുത്ത ദിവസങ്ങളിലായി നടത്തിയത് 23 വിവാഹങ്ങളും വിവാഹമോചനവും. നാടകം പൊളിഞ്ഞത് ഇങ്ങനെ

ഷിജിയാങ്(ചൈന): വിവാഹിതരാവാനും വിവാഹമോചിതരാവാനുമുള്ള കാരണമെന്തൊക്കെയാണ്? അടുത്തടുത്ത ദിവസങ്ങളില്‍ അടുത്ത ബന്ധുക്കളെ വിവാഹം ചെയ്ത് വിവാഹമോചിതരാവാനും ചൈനയിലെ ഈ കുടുംബത്തിന്‍റെ കാരണം വിചിത്രമാണ്. ചൈനയിലെ കിഴക്കന്‍ ഷിജിയാങ് പ്രവിശ്യയിലെ ഒരു കുടുംബത്തില്‍ തൊട്ടടുത്ത ബന്ധുക്കള്‍ തമ്മില്‍ രണ്ട് ആഴ്ചക്കുള്ളില്‍ നടന്നത് 23 വിവാഹങ്ങളാണ്. 

സര്‍ക്കാരിന്‍റെ ഭവനപദ്ധതിയുടെ ഗുണം കിട്ടാന്‍ വേണ്ടിയായിരുന്നു ഈ മാരത്തോണ്‍ വിവാഹങ്ങളും വിവാഹമോചനങ്ങളുമെന്ന് മാത്രം. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കുള്ള 430 സ്ക്വയര്‍ ഫീറ്റുള്ള വീട് പദ്ധതിയില്‍ ഭാഗമാകുന്നതിനുള്ള നിബന്ധന പ്രദേശവാസികളും വിവാഹിതരാവണമെന്നും മാത്രമായിരുന്നു. ഈ നിബന്ധന പൂര്‍ത്തിയാക്കാനാണ് പാന്‍ എന്ന യുവാവിന്‍റെ തലയില്‍ വിരിഞ്ഞ ആശയമായിരുന്നു ഈ വിവാഹങ്ങളും വിവാഹമോചനങ്ങളും. 

ഗ്രാമത്തില്‍ താമസിക്കുന്ന പ്രദേശവാസിയാണെന്ന രേഖയുള്ള തന്‍റെ മുന്‍ ഭാര്യയായ ഷിയെ ഇയാള്‍ വീണ്ടും വിവാഹം ചെയ്തു, ആറ് ദിവസത്തിനുള്ളില്‍ ഇവര്‍ വീണ്ടും വിവാഹമോചനം നേടി. ഇതിനോടകം ആവശ്യമായ രേഖകള്‍ പാന്‍ നേടിയെടുത്തിരുന്നു. ഇതിന് ശേഷം ഇയാള്‍ വീണ്ടും വിവാഹിതനായി. പാന്‍ ചെയ്തതുപോലെ തന്നെ ഷിയും ഇതിനുള്ളില്‍ അടുത്ത ബന്ധുവിനെ വിവാഹം ചെയ്ത് വീണ്ടും വിവാഹമോചനം നേടി. പദ്ധതിയെക്കുറിച്ച് വിവരമറിഞ്ഞ ഇവരുടെ ബന്ധുക്കളും അടുത്ത ബന്ധുക്കളും പരസ്പരം വിവാഹം ചെയ്ത് രേഖകള്‍ക്കായി അപേക്ഷിച്ചതോടെയാണ് പാനിന്‍റെ പദ്ധതികള്‍ പാളിയത്. 

മൂന്ന് തവണയാണ് പാന്‍ ഇത്തരത്തില്‍ വിവാഹിതനായത്. തുടര്‍ച്ചയായി രേഖകളില്‍ ഇയാളുടെ പേര് കണ്ടതോടെയാണ് ഉദ്യോഗസ്ഥര്‍ മാരത്തോണ്‍ വിവാഹങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയത്. ഒരേ കുടുംബത്തിലെ പതിനൊന്ന് പേരാണ് ഇത്തരത്തില്‍ ഭവന പദ്ധതിയില്‍ ഭാഗമാകാനായി വിവാഹം കഴിച്ചതും വിവാഹ മോചനം നേടിയതും. ഇവരെ പൊലീസ് വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കൂടുതല്‍ ആളുകള്‍ ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. 

വളരെ വേഗത്തില്‍ വികസനപ്രവര്‍ത്തികള്‍ നടക്കുന്ന ചൈനയില്‍ ഗ്രാമങ്ങളിലെ വീടുകള്‍ പൊളിച്ച് മാറ്റി പുതിയ കെട്ടിടങ്ങളുണ്ടാക്കുന്നത് സാധാരണമാണ്. ഇത്തരത്തില്‍ വീടുകള്‍ പൊളിക്കുമ്പോള്‍ പ്രദേശവാസികളെന്ന് രേഖകളുള്ളവര്‍ക്ക് പുതിയ വീടുകള്‍ ലഭിക്കും. ഈ പദ്ധതിയില്‍ പുത്തന്‍ വീടുകള്‍ ലഭിക്കാന്‍ വേണ്ടിയാണ് സിനിമാക്കഥയെ വെല്ലുന്ന മാരത്തോണ്‍ വിവാഹങ്ങളും വിവാഹമോചനങ്ങളും പാന്‍ , ഷി ഇവരുടെ ബന്ധുക്കളും ചെയ്തത്. 

click me!