
ആലപ്പുഴ: ദമ്പതികൾ ചമഞ്ഞ് വീട്ടുജോലിക്ക് നിന്ന കമിതാക്കളെ മോഷണ കുറ്റത്തിന് അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ഷിജി ജിനേഷിന്റെ ആലപ്പുഴ ചെത്തി, തോട്ടപ്പിള്ളി വീട്ടിലെ ജോലിക്കു നിന്നിരുന്ന കോട്ടയം പാറത്തോട് പോത്തല വീട്ടിൽ ജിജോ (38), കോട്ടയം മുണ്ടക്കയം കാര്യാട്ട് വീട്ടിൽ സുജാ ബിനോയ് (43) എന്നിവരാണ് പിടിയിലായത്. സ്വർണമാല, ഗ്യാസ് കുറ്റികൾ, ഇരുമ്പ് ഗേറ്റ്, വാഹനത്തിന്റെ സ്റ്റെപ്പിനി ടയർ, മൂന്ന് ലാപ്പ് ടോപ്പ് , ഓടിന്റെയും മറ്റും പാത്രങ്ങൾ, തുണിത്തരങ്ങൾ, കാർപ്പറ്റുകൾ തുടങ്ങി 5,32,500 രൂപ വിലവരുന്ന സാധനങ്ങളാണ് ഇവര്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയത്.
പരാതിക്കാരിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ താമസിക്കുന്ന ഭർതൃമാതാവിനെ സംരക്ഷിക്കുന്നതിനും വീട്ടുജോലിക്കുമായി ദമ്പതികളെ ആവശ്യപ്പെട്ട് പത്രപരസ്യം കൊടുത്തിരുന്നു. പത്രപരസ്യം കണ്ട് വിവാഹിതരും കുട്ടികളും കുടുംബവുമുള്ള ജിനോയും സുജയും ദമ്പതികളാണെന്ന് തെറ്റിദ്ധരിപ്പിച്ച് 2021 നവംബർ മാസം മുതൽ ഷിജി ജിനേഷിന്റെ വീട്ടിൽ താമസിച്ചുവരികയായിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ഷിജിയുടെ ഭർത്താവ് മകളുടെ വിവാഹത്തിനും മറ്റുമായി നാട്ടിൽ എത്തിയപ്പോഴാണ് സ്വർണവും സാധനങ്ങളും നഷ്ടമായത് അറിഞ്ഞത്. അറസ്റ്റിലായ പ്രതികൾ മോഷണമുതൽ വിറ്റുകിട്ടിയ തുക കുടുംബാവശ്യങ്ങൾക്കും സ്കൂട്ടർ വാങ്ങുന്നതിനും മറ്റുമായി ചെലവഴിച്ചതായാണ് സൂചന.
മോഷണ മുതലുകളിൽ സ്വർണ്ണം, പണയം വച്ച മാരാരിക്കുളത്തുള്ള സ്വകാര്യ ഫൈനാൻസിൽ നിന്നും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ, പി ജി മധുവിന്റെ നേതൃത്വത്തിൽ എസ് ഐ സജീവകുമാർ, ഗ്രേഡ് എസ് ഐ ശാലിനി, ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുധി, ബൈജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam